കൊച്ചി: സാമ്പത്തിക പ്രതിസന്ധിമൂലം ആശങ്കയിലായ കൊച്ചി മെട്രോ റെയിലിന് ഫ്രഞ്ച് വായ്പ തുണയാകുന്നു. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തനായി 1500 കോടി രൂപയുടെ വായ്പ അനുവദിക്കാന്‍ ഫ്രഞ്ച് വികസന ഏജന്‍സി ഇന്നലെ തീരുമാനമെടുത്തതോടെയാണിത്. 2ശതമാനം പലിശ നിരക്കിലാണ് വായ്പ.
കെഎംആര്‍എല്‍ 20 വര്‍ഷംകൊണ്ട് ഈ തുകയും പലിശയും തിരിച്ചടയ്ക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായതോടെ മെട്രോ നിര്‍മാണ ജോലികള്‍ തടസപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ജപ്പാന് സര്‍ക്കാറിന്റെ വായ്പ സംഘടിപ്പിക്കാനുള്ള ശ്രമവും നീണ്ടതോടെ ആശങ്കയിലായ മെട്രോ റെയിലിന് ഫ്രഞ്ച് വായ്പ ജീവശ്വാസം നല്‍കും.
ജപ്പാന് വായ്പയെക്കാള് ലളിതമായ നടപടി ക്രമങ്ങളാണ് ഫ്രഞ്ച് വായ്പയുടേതെന്നാണ് കെഎംആര്‍എല്‍ പറയുന്നത്. നിര്‍മാണ ജോലികള്‍ നിലയ്ക്കും എന്ന ഘട്ടമെത്തിയതോടെ കാനറാ ബാങ്കില്‍ നിന്നും 1170 കോടി രൂപയുടെ ആഭ്യന്തരവായ്പ എടുക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ 6000 കോടിയിലധികം ഇപ്പോള്‍ നിര്‍മാണച്ചെലവ് കണക്കാക്കുന്ന പദ്ധതിക്കു ആവശ്യമായ ബാക്കി ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ച് അനിശ്ചിതതം തുടരുകയാണ്.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് പൊതുമേഖലയില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 5181 കോടി രൂപയാണ് ആദ്യഘട്ട നിര്‍മാണച്ചെലവായി കണക്കാക്കുന്നത്. ഈ തുക പണി പൂര്‍ത്തിയാകുമ്പോഴേക്കും 30 ശതമാനത്തിലേറെ വര്‍ദ്ധിക്കാനും ഇടയുണ്ട്. ഈ തുകയും അതിന്റെ പലിശയും 20 വര്‍ഷത്തിനുള്ളില്‍ തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊച്ചി മെട്രോ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകും.
വിദേശ വായ്പകളെ ആശ്രയിച്ച് പദ്ധതി നടപ്പാക്കുന്നത് സാമ്പത്തികമായി ലാഭകരമല്ലെങ്കില്‍ കടക്കെണി സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു രണ്ടാം നിര നഗരത്തില്‍ മെ്രടോ റെയില്‍ പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ട്തന്നെ ഇതിന്റെ സാധ്യതകളെക്കുറിച്ച് പൂര്‍ണമായും ഇപ്പോള്‍ വിലയിരുത്താനാകില്ല. ജപ്പാന് നാഷണല്‍ ബാങ്കായ ജൈക്ക പ്രതിനിധികള്‍ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ച് പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ചെങ്കിലും വായ്പ നല്കുന്ന കാര്യത്തില്‍ മടിച്ചുനില്‍ക്കുകയാണ്.
ജൈക്കായുടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആര്‍എല്‍ പ്രതിനിധികള്‍ പറയുന്നു. ഫ്രഞ്ച് സംഘവും ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് 1500 കോടി നല്കാന് തീരുമാനമെടുത്തിട്ടുള്ളത്. വായ്പ 20 കൊല്ലത്തിനുള്ളില്‍ തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫ്രഞ്ച് സംഘത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മെട്രോ റെയില്‍ ലാഭകരമായില്ലെങ്കിലും സര്‍ക്കാര്‍ ഈ പണവും പലിശയും തിരികെ നല്‍കേണ്ടതായി വരും.
പദ്ധതി ചെലവിന്റെ 20.26 ശതമാനം പൊതുവിപണിയില്‍ നിന്ന് ശേഖരിക്കാന്‍ പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് 2012 മാര്‍ച്ചില്‍ അനുമതി നല്‍കിയെങ്കിലും കേന്ദ്ര കാബിനറ്റിന്റെ അന്തിമാനുമതി ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കണക്കാക്കുന്ന മെട്രോ റെയിലിന് 50 ശതമാനമെങ്കിലും തിരിച്ചടയ്ക്കേണ്ടാത്ത കേന്ദ്ര ഗ്രാന്റ് ലഭിച്ചില്ലെങ്കില്‍ ഈ പദ്ധതി കേരളത്തിന് വന്‍ സാമ്പത്തിക ബാധ്യതയായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: