കൊച്ചി: ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങളുടെ വികാസം മതങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മതത്തില്‍നിന്ന് വേറിട്ട ദേശീയത സാധ്യമല്ല എന്നതും സത്യമാണെന്നും പ്രമുഖ സാഹിത്യകാരന് തോമസ് മാത്യു പറഞ്ഞു.
കുരുക്ഷേത്ര പ്രകാശന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ വേദങ്ങളും (ശ്രുതികളും) വ്യാഖ്യാനിച്ച് തന്നെയാണ് ഈ നാട്ടിലെ ചിന്താപദ്ധതികള്‍ വികസിച്ചത്. അതോടൊപ്പം നമ്മുടെ നാട്ടില്‍ വാദിച്ച് ജയിച്ചിരുന്നു എന്ന സങ്കല്‍പ്പം ശരിയല്ലെന്നും തോമസ് മാത്യു ചൂണ്ടിക്കാട്ടി.
കലൂര്‍ പാവക്കുളം ഹിന്ദു സാംസ്ക്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ആര്.ഹരി പരിഭാഷ നടത്തിയ ശ്രീപാദ ദാമോദര്‍ സാത്വലേക്കറുടെ രാഷ്ട്രചിന്തനം വേദങ്ങളില്‍ എന്ന പുസ്തകം ജസ്റ്റിസ് എം.രാമചന്ദ്രന് സ്വാമി ദര്‍ശാനന്ദ സരസ്വതിക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. എം.ജെ.ജയശ്രീ പരിഭാഷപ്പെടുത്തിയ ഡോ. കൃഷ്ണഗോപാല്‍ രചിച്ച നവോത്ഥാനഭാരതം നായകരും പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം പ്രൊഫ. തോമസ് മാത്യു ആര്.കെ.ദാമോദരന്‍ നല്കി നിര്‍വഹിച്ചു. ആര്.ഹരി, എം.ജെ.ജയശ്രീ, സ്വാമി ദര്ശാനന്ദസരസ്വതി, ആര്.കെ.ദാമോദരന്‍ തുടങ്ങിയവരും സംസാരിച്ചു. കെ.രാജേഷ് ചന്ദ്രന് പുസ്തകങ്ങളെ സദസിന് പരിചയപ്പെടുത്തി. ഇ.എന്‍.നന്ദകുമാര്‍ സ്വാഗതവും വി.എസ്.അനില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: