ത്യശൂര്‍: സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വര്‍ണ്ണത്തിന് രണ്ട് വിലകള്‍ നിലവില്‍ വരും. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനിലെ പിളര്പ്പിനെത്തുടര്ന്നാണിത്. സ്വര്‍ണ്ണത്തിന്റെ ബാങ്ക് നിരക്കിനനുസ്യതമായി സ്വര്‍ണ്ണവില ഇന്ന് മുതല്‍ തങ്ങള്‍ നിശ്ചയിക്കുമെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷന് ഭാരവാഹികളായ കല്യാണരാമന്(കല്യണ്‍ ജ്വല്ലേഴ്സ്), ആര്.അബുദ്ല്‍ ജലീല്‍ (മലബാര്‍ ഗോള്‍ഡ്), എം.പി.അഹമ്മദ് എന്നിവര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വില നിശ്ചയത്തിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും ഇവര്‍ പറഞ്ഞു. റിസര്‍വ്വ് ബാങ്കിന്റെയും സര്‍ക്കാരിന്റെയും നിയന്ത്രണങ്ങള്‍ മൂലം 30 മുതല്‍ 40 ശതമാനം വരെ ബിസിനസ്സില്‍ ഇടിവുണ്ടായിരിക്കുകയാണ്. ഇറക്കുമതി തിരുവ 10 ശതമാനം വര്‍ദ്ധിപ്പിച്ചതും സംസ്ഥാനസര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചതും വ്യവസായത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നികുതി കുറച്ചില്ലെങ്കില്‍ മുന്നോട്ട് പോകുവാന്‍ ബുദ്ധിമുട്ടാണ്. എ.കെ.നിഷാന്ത്,ഹംസ ചൂനാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം ഓള് കേരള ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷനില്‍നിന്നും ഈ വിഭാഗത്തിന്റെ പ്രതിനിധിയായ പി.സി. നടേശനെ പുറത്താക്കിയതായും സ്വര്‍ണവില പഴയപോലെതന്നെ തങ്ങള്‍ തീരുമാനിക്കുമെന്നും അസോസിയേഷന് ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായ വി.എസ്. കണ്ണന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: