കൊച്ചി: അയ്യായിരത്തിലേറെ വരുന്ന കുരുന്നുകള്‍ അണിനിരന്ന് ശിശുദിന ഘോഷയാത്ര. വര്‍ണരാജി തീര്‍ത്ത ഘോഷയാത്രയില്‍ ചാച്ചാജിയും കുരുന്നുകളും അണിനിരന്നപ്പോള്‍ രാജേന്ദ്ര മൈതാനി മുതല്‍ കുട്ടികളുടെ പാര്‍ക്ക് വരെയുളള നഗരവീഥി വര്‍ണാഭമായി.
ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച വര്‍ണാഭമായ റാലി ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് രാജേന്ദ്ര മൈതാനിയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. റാലി തുടങ്ങുന്നതിന് മുമ്പായി രാജേന്ദ്ര മൈതാനിക്കടുത്തുളള ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. രാവിലെ 10ന് രജേന്ദ്ര മൈതിനിയില്‍ നിന്നുമാരംഭിച്ച റാലി സമ്മേളന നഗരിയായ കുട്ടികളുടെ പാര്‍ക്കിലെത്തി.
ഘോഷയാത്രയില്‍ ചാച്ചാജി തുറന്ന ജീപ്പ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നാലെ ബാന്റുമേളത്തിന്റെ അകമ്പടിയോടെ കുരുന്നുകള്‍ നടന്നു നീങ്ങിയപ്പോള്‍ നഗരം ബഹുവര്ണങ്ങളില് ലയിച്ചു. നഗത്തിലെ 49 സ്കൂളുകളില്‍ നിന്നുള്ള അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ വിവിധ വേഷവിധാനങ്ങളുമായി റാലിയില്‍ അണി നിരന്നത് കണ്ടു നിന്നവരില്‍ കൗതുകമുണര്‍ത്തി. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പെരുമാനൂര്‍ സെന്റ് തോമാസ് ജി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥി പി.റ്റി.ജോസ്മിയാണ് ചാച്ചാജിയുടെ വേഷമണിഞ്ഞത്.
ചാച്ചാജിയുടെ ജീപ്പ്പിനു പുറകിലായി മഹാത്മാ ഗാന്ധിയുടേയും സംഘത്തിന്റേയും ദണ്ഡി യാത്രയെ ഓര്‍മിപ്പിക്കുന്ന വേഷ വിധാനങ്ങളണിഞ്ഞ് കുരുന്നുകള്‍ ചരിത്രത്തെ അനുസ്മരിച്ചു. തൊട്ടുപുറകിലായി സാംസ്കാരിത്തനിമ വിളിച്ചോതി കേരളീയ വേഷങ്ങളണിഞ്ഞ കുട്ടികള്‍, മാര്‍ഗം കളി, തിരുവാതിര, ഒപ്പന, കോല്‍ക്കളി, വിവിധ നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ വേഷങ്ങളാല്‍ അണി നിരന്നു. ചാച്ചാജിയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമടങ്ങുന്ന പ്ലക്കാര്‍ഡുകള്‍, സ്ത്രീ സുരക്ഷയുടെ പ്രധാന്യമുണര്ത്തുന്ന ബോധവത്കരണ സന്ദേശം എന്നിവയും റാലിയിലുണ്ടായിരുന്നു. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മഹത് വാക്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന റാലിയില്‍ ജയ് ജയ് ചാച്ചാജി എന്ന മുദ്രാവാക്യം ഉച്ചത്തില്‍ ഉയര്‍ന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ദേശീയത നിറഞ്ഞതായി മാറി.
കുട്ടികളുടെ പാര്‍ക്കില്‍ ചേര്‍ന്ന സമാപന സമ്മേളത്തില്‍ പി.റ്റി.ജോസ്മി അധ്യക്ഷത വഹിച്ചു. എല്‍.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ വിജയിയായ ലക്ഷ്മി അനില്‍ സ്വാഗതം പറഞ്ഞു. ഹൈബി ഈഡന് എം.എല്‍.എ ശിശുദിന സന്ദേശം നല്കി. ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസി.കളക്ടര്‍ എസ്.സുഹാസ്, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ പി.കെ.സുരേഷ്, ജില്ല ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.ചന്ദ്രസേനന്, ചെയില്‍ഡ്ലൈന്‍ ഡയറക്ടര്‍ ഫാ.ഗില്ട്ടന്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജ്, എ.ഇ.ഒ ആര്.ശ്രീകല എന്നിവര്‍ ആശംസ നേര്‍ന്നു. സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥി കാവ്യ സാജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: