കൊളംബൊ: അന്താരാഷ്ട്ര എതിര്‍പ്പുകള്‍ക്കിടയിലും ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെ ന്യായീകരിച്ച് പ്രസിഡിന്റ് മഹീന്ദ രാജപക്സെ. 30 വര്‍ഷം നീണ്ടുനിന്ന കൊലപാതക പരമ്പര അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ആഭ്യന്തര യുദ്ധത്തിലൂടെയാണെന്ന് മഹീന്ദ രാജപക്സെ അവകാശപ്പെട്ടു ശ്രീലങ്കയിലെ വംശീയ വിവേചനത്തിനെതിരായ ചെറുത്തുനില്‍പ്പിനെ സൈന്യം നേരിട്ടതിനെതിരെ ലോകത്തെ പല ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഭരണകൂടത്തിന്റെ നടപടികളെ ന്യായീകരിച്ച് രാജപക്സെ സര്‍ക്കാര്‍ രംഗത്തെത്തിയത്.
ആഭ്യന്തര യുദ്ധം നേരിടുന്നതിന്റെ ഭാഗമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്ന് യുഎന്‍ അന്വേഷണ സംഘം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ടെലിവിഷന്‍ ശ്രീലങ്കന്‍ സൈന്യം ടെലിവിഷന്‍ അവതാരകയായ ഇസൈപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ചയും പുറത്തവിട്ടിരുന്നു. ശ്രീലങ്കയുടെ വംശീയ വിദ്വേഷ നിലപാടില്‍ പ്രതിഷേധിച്ച് ആ രാജ്യത്ത് നടക്കുന്ന കോമണ്‍വെല്‍ത്ത് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തമിഴ്നാട് നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് പ്രധാനമന്ത്രി കൊളംബോ സന്ദര്‍ശനം മാറ്റിയത്. ശ്രീലങ്ക മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നാരോപിച്ച് കനഡ പ്രധാനമന്ത്രിയും കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതിനിടെ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നു പ്രധാനമന്ത്രി പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഇന്ത്യ കോമണ്‍വെല്‍ത്ത് സമ്മേളനം ബഹിഷ്കരിച്ചിട്ടില്ലെന്നും രാജപക്സെ പറഞ്ഞു. ഇന്ത്യ വിദേശകാര്യ മന്ത്രിയെ അയച്ചിട്ടുണ്ട് ഇതില്‍ സംതൃപ്തനാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: