മരട്: ഭൗതികതയെയും ആത്മീയതയെയും ഒരുപോലെ നവീകരിച്ച ബഹുമുഖ പ്രതിഭാശാലിയായിരുന്നു രബീന്ദ്രനാഥ് ടാഗോറെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പറഞ്ഞു. ദേശീയതയ്ക്ക് ഒട്ടും കോട്ടം വരാതെയാണ് ടാഗോര്‍ അന്തര്‍ദേശീയത്വം എന്ന ആശയം മുന്നോട്ടുവച്ചത്. ടാഗോര്‍ ഒരേസമയം എഴുത്തുകാരനും തത്വചിന്തകനും ചിത്രകാരനും വിദ്യാഭ്യാസവിചക്ഷണനും സംഗീതജ്ഞനുമെല്ലാമായിരുന്നു.
ഭാരതത്തിന്റെ ആത്മീയ പൈതൃകം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ആധുനികതയെ സ്വീകരിക്കാനും ടാഗോറിന് കഴിഞ്ഞെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ത്ഥി യൂണിയന് സംഘടിപ്പിച്ച ടാഗോര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രബീന്ദ്രനാഥ് ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ടാഗോറിന്റെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കി കോളേജ്/സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അഖില കേരള ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കുഫോസ് പ്രോ-വൈസ് ചാന്‍സലര്‍ ഡോ. സി.മോഹനകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എസ്ബിടി അസി. ജനറല്‍ മാനേജര്‍ കുര്യന് ജോസഫ്, വി.എസ്.കുഞ്ഞുമുഹമ്മദ്, റിന്റ ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ.എം.മാത്യു സ്വാഗതവും ബെന്സന്.കെ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: