തൃപ്രയാര്‍: ചൂലൂര്‍ യോഗിനിമാത ബാലികാസദനത്തില്‍ ഇന്ന് കതിര്‍മണ്ഡപം ഒരുങ്ങുകയാണ്.സദനത്തിലെ മൂത്തവളായ വിനീത ഇന്ന് സുമംഗലിയാവുകയാണ്. ഈ ചരിത്ര നിയോഗത്തിന്റെ ആഹ്ലാദത്തിലാണ് ബാലികാസദനം. ഇന്ന് രാവിലെ 10നും 10.45നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കേച്ചേരി ഇയ്യാല്‍ സ്വദേശിയായ വിജയരാജ് വിനീതക്ക് മിന്നുകെട്ടും.
ബാലികാസദനത്തിലെ വിനീതചേച്ചി സുമംഗലയാകുന്ന മുഹൂര്‍ത്തം കാത്തിരിക്കുകയാണ് അനുജത്തിമാര്. വിദേശത്ത് ഡ്രൈവറായി ജോലിനോക്കുന്ന വിജയരാജ് ബിരുദ വിദ്യാര്‍ത്ഥിയായ വിനീതയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടായിരം പേരോളം ഇതിന് സാക്ഷിയാവും. ബന്ധുക്കളില്ലാത്ത നിരവധി കുട്ടികള്‍ ബാലികാസദനത്തില്‍ യോഗിനിമാതായുടെ അനുഗ്രഹത്താല്‍ വളരുന്നുണ്ട്. വിനീത ഇവിടുത്തെ കുട്ടികളുടെ പ്രിയപ്പെട്ട ചേച്ചിയാണ്.
ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിയായ വിനീതയെ സേവാകേന്ദ്രം ഏറ്റെടുത്ത് വളര്‍ത്തി. ഇവളുടെ വിവാഹാലോചന വന്നപ്പോള്‍ കേന്ദ്രം സന്തോഷത്തോടെ തീരുമാനിക്കുകയായിരുന്നു. വിവാഹം ബാലികാസദനത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ വിവാഹം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബാലികാസദനം. സേവാകേന്ദ്രം 2007 ഒക്ടോബറിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ ഇവിടെ 48 അന്തേവാസികളുണ്ട്. ഇന്ന് 10നും 10.45നും ഇടയിലാണ് മുഹൂര്‍ത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: