കാസര്‍കോട്: സംസ്ഥാന സര്‍ക്കാരും ജുഡീഷ്യറിയിലെ ഒരു വിഭാഗവും ചേര്‍ന്ന് സരിതാനായരുടെ മൊഴി അട്ടിമറിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആരോപിച്ചു. അഡ്വക്കറ്റ് ജനറലിന്റെ സഹായിയായ ഒരാളാണ് കേസ് അട്ടിമറിക്കാന്‍ എസിജെഎമ്മില് സമ്മര്‍ദ്ദം ചെലുത്തിയതെന്നും സുരേന്ദ്രന് ആരോപിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണ്. എസിജെഎമ്മും രാഷ്ട്രീയ ഉദ്യോഗസ്ഥ പങ്കാളിത്തവും ചേര്‍ന്നാണ് സരിതയുടെ മൊഴി അട്ടിമറിച്ചത്. എസിജെഎം രേഖപ്പെടുത്തിയ സരിതയുടെ മൊഴി അദ്ദേഹം തന്നെ കീറിക്കളയുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉണ്ടായ ബാഹ്യസമ്മര്‍ദ്ദം അന്വേഷിക്കേണ്ടതാണ്. എസിജെഎമ്മിന്റെ ഇത്തരം നടപടി നിയമത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അജ്ഞത കൊണ്ടല്ല. മറിച്ച് ഉന്നതതല സമ്മര്‍ദ്ദം കൊണ്ട് തന്നെയാണെന്ന് വ്യക്തമാണ്.
സരിത നല്കിയ മൊഴി ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കണ്ടെത്തിയത് മുന്‍വിധിയോട് കൂടിയാണ്. ഇതിലെ ബാഹ്യസമ്മര്‍ദ്ദം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. സരിത വിഷയത്തില്‍ ബിജെപി ഉന്നയിച്ച കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് തെളിയിക്കുന്നതാണ് മറ്റൊരര്‍ഥത്തില്‍ എസിജെഎമ്മിന്റെ നിലപാടെന്ന് സുരേന്ദ്രന് പറഞ്ഞു. ജുഡീഷറിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് എസിജെഎം രാജുവിന്റെ നടപടികളിലൂടെ പുറത്തായത്. ഉദ്ദേഹം ആദ്യം മാധ്യമവാര്‍ത്തകളെ നിരാകരിച്ചു. മാധ്യമങ്ങള്‍ ഒരുകെട്ട് നുണപ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ സരിത ലൈംഗിക പീഡനത്തിന് ഇരയായി എന്ന് തന്നോട് പറഞ്ഞതായി സമ്മതിക്കുകയും ചെയ്തു. ഇത്തരത്തില്‍ സരിത നല്കിയ മൊഴികള്‍ എസിജെഎം രേഖപ്പെടുത്താതിരുന്നത് സംസ്ഥാന സര്‍ക്കാരിനെ പ്രത്യേകിച്ച് മുഖ്യമന്ത്രിയെ സഹായിക്കാനാണ്. ഇതിനുപിന്നിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ പങ്കാളിത്തം മറനീക്കി പുറത്ത് വരേണ്ടതുമാണ്. അതുകൊണ്ട് തന്നെ എസിജെഎമ്മിന്റെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാര്‍ ഷെട്ടിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: