കോട്ടയം: ലാവ്ലിന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പിന്തുണച്ച് മുസ്ലിംലീഗ് മുഖപത്രം. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ ആവശ്യപ്പെടുമ്പോഴാണ് സിപിഎമ്മിലെ പിണറായി പക്ഷവും മുസ്ലിംലീഗ് നേതൃത്വവുമായുള്ള അവിശുദ്ധസഖ്യം വെളിവാകുന്നത്.
‘ചന്ദ്രിക’യുടെ എഡിറ്റോറിയല്‍ പേജില്‍ ഇന്നലെ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ കെ.എന്‍.എ ഖാദര്‍ എംഎല്‍എ എഴുതിയ ലേഖനത്തിലാണ് ദേശാഭിമാനിയെ ലജ്ജിപ്പിക്കുന്ന രീതിയില്‍ പിണറായി വിജയനെ വാഴ്ത്തിയിരിക്കുന്നത്. പിണറായി വിജയന് ഉള്‍പ്പെടെ കുറ്റംചെയ്യാത്ത ആരെയും കേസില്‍ ഉള്‍പ്പെടുത്തുന്നതോ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതോ ശരിയല്ല. വൈദ്യുതിബോര്‍ഡിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും ഉത്തമതാത്പര്യത്തിന് വേണ്ടിമാത്രം കളങ്കരഹിതമായി സ്വീകരിച്ച ചില നടപടികളാണ് ഇവയെല്ലാമെങ്കില് പിണറായിയെ ഇത്രനാളും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് തെറ്റാണെന്നും ലേഖനത്തില്‍ പറയുന്നു.
ഉത്തരവാദപ്പെട്ട നീതിപീഠം ഇറക്കിയ ഉത്തരവിനെ കണ്ണുമടച്ച് സ്വീകരിച്ച് നമുക്ക് വെറുതെയിരിക്കാം. പരാതിയെ പരാതിയായും കേസിനെ കേസായും വിലയിരുത്തലാണ് സുഖമെന്ന യാഥാര്‍ഥ്യം ആരും വിസ്മരിക്കാതിരുന്നാല്‍ മതി. എല്ലാ കേസുകളോടും അതേ സമീപനം സ്വീകരിക്കാന്‍ പിണറായിയും പാര്‍ട്ടിയും സന്നദ്ധമാകണമെന്നും ലീഗ് നേതാവ് അഭ്യര്‍ഥിക്കുന്നു. ഐസ്ക്രീം പീഡന കേസിലടക്കം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് കെ.എന്‍.എ ഖാദര്‍, പിണറായി വിജയനോട് സഹായം അഭ്യര്‍ഥിക്കുന്നതെന്നും ശ്രദ്ധേയമാണ്.
പിണറായിയെ പുകഴ്ത്തുന്നതിനൊപ്പം തന്നെ സിപിഎം അല്ല വി.എസ്. അച്യുതാനന്ദനാണ് തങ്ങളുടെ ഒന്നാംനമ്പര്‍ ശത്രുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ലാവ്ലിന് കേസുമായി ബന്ധപ്പെട്ട 65 പേജുള്ള പരാതി പിണറായിക്കെതിരെ കേന്ദ്രകമ്മറ്റിക്ക് നല്കിയ അച്യുതാനന്ദന് തന്റെ പദവികള്‍ രാജിവയ്ക്കുവാന്‍ മുന്നോട്ട് വരേണ്ടതിപ്പോഴാണെന്നും ലീഗ് പരിഹസിക്കുന്നു. പരാജയത്തിന്റെ കയ്പ്പുനീര് കുടിക്കാന്‍ വി.എസ്സിനൊപ്പം സിബിഐയുണ്ടെന്നതില് അദ്ദേഹത്തിന് ആശ്വസിക്കാമെന്നും ലേഖനത്തില്‍ പറയുന്നു.
എത്രധനം സമ്പാദിച്ചാലും മതിവരാത്ത ആര്ത്തിപണ്ടാരങ്ങളായാണ് സോളാര്‍ തട്ടിപ്പിനിരയായവരെ ഖാദര്‍ പരിഹസിക്കുന്നത്. ലാവ്ലിന് കേസില്‍ വിധി പുറത്തുവന്നതിന്റെ പിറ്റേ ദിവസവും പിണറായിയെ പിന്തുണച്ചും പുകഴ്ത്തിയുമാണ് ‘ചന്ദ്രിക’ പ്രസിദ്ധീകരിച്ചത്. ലീഗിനെ കായികമായി നേരിടുകയും പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കുകയും ചെയ്യുന്ന സിപിഎമ്മിലെ കണ്ണൂര്‍ ശൈലിക്ക് നേതൃത്വം നല്കുന്ന പിണറായിയെ പാര്‍ട്ടി നേതൃത്വം പിന്തുണയ്ക്കുന്നതില്‍ ലീഗ് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങളെയും സ്വന്തം അണികളെയും വഞ്ചിച്ച് എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങളുടെ നീക്കുപോക്കുകള്‍ കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ലീഗ് മുഖപത്രത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: