കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ആതുര ശുശ്രൂഷയുടെ മഹനീയ മാതൃക നേരില്‍ കണ്ട് കാമില രാജകുമാരിയുടെ മനം നിറഞ്ഞു. ഇന്നലെ രാവിലെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച കാമില രാജകുമാരിയെ എന്‍.ആര്.എച്ച്.എം സംസ്ഥാന മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.ബീന പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു.
ഗവ:സ്കൂള്‍ ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികള്‍ ഹൃദയാഘാതം തടയുന്നതിനുളള നടപടികളും കാലില്‍ ബാന്‍ഡേജ് ഇടുന്നതും ഡയറ്ററി വിഭാഗം ഡയറ്ററി കിച്ചന്റെ പ്രവര്‍ത്തനവും കാമില രാജകുമാരിക്കു മുമ്പാകെ അവതരിപ്പിച്ചു. സീനിയര്‍ ട്യൂട്ടര്‍ സുനില്‍ ദത്ത് ബീവിയുടെ നേതൃത്വത്തില്‍ നഴ്സിംഗ് വിദ്യാര്‍ഥികളായ ജിനുവും ഗീതുവും ഹൃദയാഘാതം സംഭവിച്ചാല്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ അവതരിപ്പിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിന് രോഗബാധിതന്റെ നെഞ്ചില്‍ കൈകൊണ്ട് ഇടിക്കുന്നതും കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നതും കാമില രാജകുമാരി അതീവശ്രദ്ധയോടെ നോക്കിക്കണ്ടു. തുടര്‍ന്ന് നഴ്സിംഗ് ട്യൂട്ടര്‍ ബീന ടി ജോണിന്റെ നേതൃത്വത്തില്‍ നഴ്സിംഗ് വിദ്യാര്‍ഥികളായ ചാന്ദിനി, ആതിര, അനീഷ എന്നിവര്‍ ഉളുക്കു മാറ്റുന്നതിന് കാലില്‍ ബാന്‍ഡേജ് ഇടുന്നത് അവതരിപ്പിച്ചു.
ഇതിനുശേഷം ജനറല്‍ ആശുപത്രിയിലെ ഡയറ്ററി വിഭാഗത്തിലെ സീനിയര്‍ ഡയേറ്റെഷ്യന്‍ റോസമ്മ ജോര്‍ജ്ജും ജൂനിയര്‍ ഡയേറ്റെഷ്യന്‍ ഷെഹനയും ഡയറ്ററി കിച്ചന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. രോഗികളുടെ ആരോഗ്യസ്ഥിതിയും അസുഖവും വിശകലനം ചെയ്ത് ഡയറ്ററി വിഭാഗം 10 വിധത്തിലുളള ഭക്ഷണം കഴിഞ്ഞ രണ്ടു വര്‍ഷമായി ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുളള എല്ലാ രോഗികള്‍ക്കും നല്‍കുന്നുണ്ട്. ഇതില്‍ സാധാരണ ആഹാരം, കൊഴുപ്പില്ലാത്ത ഭക്ഷണം, ഉപ്പില്ലാത്ത ഭക്ഷണം, പ്രമേഹ രോഗികള്‍ക്കുളള ഭക്ഷണം എന്നിവയുടെ ഘടകങ്ങള്‍ സംബന്ധിച്ചും എത്ര അളവ്, എങ്ങനെ വിതരണം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും കാമില ചോദിച്ചറിഞ്ഞു. സര്‍ക്കാരിന്റെയും സ്പോണ്‍സര്‍മാരുടെയും സാമ്പത്തിക സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം അറുനൂറ് രോഗികള്‍ക്ക് ഇത്തരത്തില്‍ നാലുനേരം ഭക്ഷണം നല്‍കുന്നുണ്ട്.
ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ്, എന്‍.ആര്.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, നഴ്സിംഗ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രസന്നകുമാരി, ആശുപത്രി സൂപ്രണ്ട് പി.ജി.ആനി, നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.വി.ലൈലാമണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: