ഹരിപ്പാട്: കേരള സന്ദര്‍ശനത്തിനെത്തിയെ റഷ്യന്‍ വനിതയ്ക്ക് യാത്രാവേളയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖപ്രസവം. 2.960 കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പ്രസവം നടന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ആശുപത്രി വിടുകയും ചെയ്തു.
മുപ്പത്തിനാലുകാരിയായ അന്ന അലക്സിന ഭര്‍ത്താവ് അലക്സിനോടൊപ്പം വര്‍ക്കലയില്‍ നിന്ന് കൊച്ചിയിലേക്കു പോകുമ്പോഴാണ് ചേപ്പാട്ടുവച്ച് വേദന ഉണ്ടായത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രിയിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസവം നടന്നു. ഗൈനക്കോളജിസ്റ്റായ ഡോ. അനുഫിലിപ്പ്, നഴ്സുമാരായ ഏലിയാമ്മ, ബിന്ദു, സോന എന്നിവരാണ് ഇവരെ പരിചരിച്ചത്.
അന്നയുടെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവ് അലക്സും പ്രസവമുറിയില്‍ ഉണ്ടായിരുന്നു. പ്രസവത്തിനു മുന്‍പോ അതിനു ശേഷമോ ഒരു മരുന്നുകളും സ്വീകരിക്കാന്‍ അന്ന തയ്യാറാകാതിരുന്നത് ഡോക്ടര്‍മാരെ വിഷമിപ്പിച്ചു. യാതൊരു ബുദ്ധിമുട്ടും കൂടാതെ അന്ന പ്രസവിച്ചതോടെ ഡോക്ടര്‍മാര്‍ക്ക് ആശ്വാസമായി. പ്രസവം കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും വാര്‍ഡിലേക്ക് മാറ്റി. അലക്സ് ആസ്പത്രിയിലുള്ളവര്ക്കെല്ലാം മധുരം നല്കി സന്തോഷം പങ്കുവച്ചു.
വിദേശ വനിതയുടെ പ്രസവവും അവരുടെ പെരുമാറ്റവും വാര്‍ഡിലെ മറ്റ് സ്ത്രീകള്‍ക്കും കൗതുകമായി. അവര്‍ കുഞ്ഞിനെ കാണാന്‍ ഒത്തുകൂടി. മൂന്ന് വര്‍ഷമായി മുടങ്ങാതെ കേരള സന്ദര്ശനത്തിനെത്തിയിരുന്ന ദമ്പതികള്‍ വര്‍ക്കലയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്. റഷ്യയിലുള്ള മറ്റ് സംഘങ്ങളെ കേരളത്തിലെത്തിച്ച് വിനോദയാത്ര നടത്താനും ദമ്പതിമാര്‍ സമയം കണ്ടെത്തിയിരുന്നു.
കെ.രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: