മധ്യപ്രദേശില്‍ ബിജെപി തന്നെ എന്നതില്‍ ഒരു കോണ്‍ഗ്രസുകാരനും സംശയമില്ല. പുറത്തുവന്ന സര്‍വ്വേ ഫലങ്ങളെല്ലാം പ്രവചിച്ചതിനാല്‍ മാത്രമല്ലത്. ബിജെപി സര്‍ക്കാറിന്റെ മികച്ച ഭരണം, മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സര്‍വ്വ സ്വീകാര്യത, കേന്ദ്ര സര്‍ക്കാറിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണം..
ബിജെപിയുടെ ഹാട്രിക് വിജയത്തിന് തടയിടാന്‍ കോണ്‍ഗ്രസിനെ അശക്തമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാം പുറമെയാണ് സംസ്ഥാനത്തെ നേതാക്കള്‍ക്കിടയിലെ തമ്മിലടി.
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ദിഗ്വിജയ സിംഗ്, കേന്ദ്ര മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, കമല്‍നാഥ് എന്നിവര്‍ നേതൃത്വം നല്കുന്ന മുന്നു ഗ്രൂപ്പുകളാണ് പ്രധാനമായുള്ളത്. മുന്‍മുഖ്യമന്ത്രി അര്ജ്ജുന് സിംഗിന്റെ മകനും പ്രതിപക്ഷ നേതാവുമായ അജയ് സിംഗ്, പിസിസി അധ്യക്ഷന്‍ കാന്തിലാല്‍ ബറുവ, മുന്‍കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, എംപി മാരായ അരുണ്‍ യാദവ്, മീനാക്ഷി നടരാജന് എന്നിവര്‍ നേതൃത്വം നല്കുന്ന ഗ്രൂപ്പുകള്‍ വേറെയും. ഇവര്‍ക്കെല്ലാം സീറ്റ് വീതം വെച്ചു നല്കുന്നതില് തര്‍ക്കങ്ങള്‍ ഉണ്ടായതിനാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥിനിര്‍ണയം പോലും ഏറെ വൈകി. ബിജെപി പ്രചാരണത്തിനിറങ്ങി ആഴ്ചകള്‍ക്ക് ശേഷമാണ് കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങിയത്.
മധ്യപ്രദേശ് കോണ്‍ഗ്രസ് എന്നാല്‍ താന്‍ എന്ന നിലയിലാണ് ദിഗ്വിജയ് സിംഗിന്റെ പ്രവര്‍ത്തനം. വിടുവായിത്തവും വിവരക്കേടും മൂലം കോണ്‍ഗ്രസുകാര്‍ക്ക് തന്നെ ബാധ്യതയായിക്കോണ്ടിരിക്കുകയാണ് ഈ മുന്‍ മുഖ്യമന്ത്രി. സിംഗിന്റെ 10 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപി അധികാത്തിലെത്തിയത്. 2003 ല്‍ തോറ്റു തുന്നം പാടിയപ്പോള്‍, 10 വര്‍ഷത്തേക്ക് അധികാരസ്ഥാനങ്ങളിലേക്കില്ലന്നായിരുന്നു സിംഗിന്റെ പ്രഖ്യാപനം. കേന്ദ്ര നേതൃത്വത്തെ സുഖിപ്പിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനുമതിരെ ആക്ഷേപം ചൊരിഞ്ഞും പച്ചക്കള്ളം പ്രചരിപ്പിച്ചും വാര്‍ത്തയിലിടം പിടിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് സിംഗിന്റെ സ്വാധീനം താഴേക്കാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ആസ്ഥാനത്തു നടന്ന പത്ര സമ്മേളനം മാത്രം മതി തെളിവ്.
സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനായി ചേര്‍ന്ന കോര്കമ്മറ്റിക്ക് ശേഷം നടത്തിയ പത്ര സമ്മേളനം അടച്ചിട്ട മുറിയിലായിരുന്നു. യോഗത്തില്‍ പങ്കെടുത്തശേഷം പുറത്തിറങ്ങിയ സിംഗ് തിരിച്ചത്തും മുന്‍പേ പത്രസമ്മേളനം തുടങ്ങി. സിംഗ് എത്തി വാതിലില്‍ പലവട്ടം മുട്ടിയിട്ടും ആരും ഗൗനിച്ചില്ല. കുറച്ചുനേരം കാത്തുനിന്ന ശേഷം ഇളിഭ്യനായി സിംഗിനു മടങ്ങേണ്ടിവന്നു. മൊറേനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലെ അനുഭവവും സമാനമായിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ജ്യോതിരാധിത്യ സിന്ധ്യക്കു ശേഷമായിരുന്നു ദ്വിഗ് വിജയ് സിംഗിന്റെ പ്രസംഗം. സിന്ധ്യ പ്രസംഗിച്ചു തീര്‍ന്നയുടന്‍ ജനങ്ങള്‍ എഴുന്നേറ്റു പോയി. സിന്ധ്യ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചതിനാല്‍ മൈതാനം പൂര്‍ണമായി കാലിയായില്ല. വിദിശയില്‍ തെരഞ്ഞെടുപ്പ് റാലിക്കുമുന്നോടിയായി കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചത് വന്‍വാര്‍ത്തയായി. പോസ്റ്ററില്‍ സിംഗിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല എന്നതായിരുന്നു അടിക്കുകാരണം. അഞ്ച് ജില്ലകളിലായി 25 മണ്ഡലങ്ങള്‍ ഉള്ള ഭോപ്പാല്‍ മേഖലയില്‍നിന്നാണ് സിംഗ് വരുന്നത്. ആറു സീറ്റു മാത്രമാണിവിടെ കോണ്ഗ്രസിനിപ്പോളുള്ളത്. മുഖ്യമന്ത്രിയുടേയും തട്ടകമായ ഈ മേഖല തൂത്തുവാരുകയാണ് ബിജെപി ലക്ഷ്യം.
മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനായി കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി ജ്യോതിരാദിത്യയെയാണ്. രാജകുടുംബാഗമെന്നതും യുവത്വവുമാണ് കാരണം. ഭരണം കിട്ടില്ലന്നുറപ്പായതിനാല് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിന്ധ്യയെ പ്രഖ്യാപിച്ചിട്ടുമില്ല. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമില്ല. വിവിധ ഗ്രൂപ്പുകളെ കുടെനിര്ത്തിക്കൊണ്ടുപോകാനുള്ള പക്വതയില്ലായ്മയാണ് സിന്ധ്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഗ്വാളിയര്‍ ഉള്‍പ്പെടുന്ന ചമ്പല്‍ മേഖലക്ക് പുറത്ത് കാര്യമായ സ്വാധീനമില്ലാത്തതും സിന്ധ്യക്ക് പ്രശ്നമാണ്. ഏഴ് ജില്ലകളിലായി 34 സീറ്റുകളാണ് ഈ മേഖലയിലുള്ളത്. ഇതില്‍ 12 എണ്ണമാണ് കോണ്‍ഗ്രസിനുള്ളത്. ഇത് കൂട്ടാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ബിഎസ്പിക്കും സ്വാധീനമുള്ള ഈ മേഖലയിലെ വോട്ടിംഗിനെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പും ബാധിക്കും.
ദിഗ്വിജയ് സിംഗിനെ ഒതുക്കാന്‍ ജ്യോതിരാദിത്യക്കൊപ്പമാണെങ്കിലും കമല്‍നാഥിന് സ്വന്തമായി പല അജണ്ടകളുമുണ്ട്. കേന്ദ്രത്തില്‍ വീണ്ടും യുപിഎ അധികാരത്തിലെത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാനത്ത് ചുവടുറപ്പിക്കുകയാണ് കമല്‍നാഥിന്റെ ലക്ഷ്യം. ഗാന്ധികുടുംബവുമായുള്ള ബന്ധം ഇതിന് തുണയാകുകയും ചെയ്യും.ഗ്രൂപ്പ് പോരിന് കുറവൊന്നുമില്ലങ്കിലും അധികാരത്തില്‍ തിരിച്ചെത്തുക അസാധ്യമെന്നത് നേതാക്കള്‍ക്കെല്ലാം അറിയാം. രഹസ്യമായി അതംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: