പത്തനംതിട്ട: മാതാ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ നടക്കുന്ന ശുചീകരണയജ്ഞം മാതൃകാപരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്പറഞ്ഞു.
അമലഭാരതം പ്രവര്‍ത്തകര്‍ രണ്ടു ദിവസമായി നടത്തിയ ശബരിമല ശുചീകരണ പ്രവര്‍ത്തനത്തില്‍ പമ്പയിലെ ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മയുടെ നേതൃത്വത്തില്‍ അമലഭാരതം പ്രവര്‍ത്തകര്‍ മാലിന്യനിര്‍മാര്‍ജനം ഏറ്റെടുത്തതുമുതല്‍ മലിനീകരണത്തില്‍ കുറവ് വന്നിട്ടുണ്ട്.
ദേവസ്വത്തിനുപോലും പ്രചോദനമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ബോര്‍ഡിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായസഹകരണങ്ങളും എന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഡെപ്യട്ടി കളക്ടര്‍ കെ.എസ്. സാവിത്രി, ദേവസ്വം ചീഫ് എഞ്ചിനീയര്‍ കെ. രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
9ന് രാവിലെ ആരംഭിച്ച ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകിട്ട് സമാപിച്ചു. പമ്പാ നദിയും ഗണപതി ക്ഷേത്രവും പരിസരവുമാണ് ശുചീകരിച്ചത്. ആശ്രമത്തിലെ ബ്രഹ്മചാരിണികളും ഭക്തരും അമൃതവിശ്വ വിദ്യാപീഠം വിദ്യാര്‍ഥിനികളുമടക്കം ആയിരത്തിലധികം ആളുകളാണ് പമ്പാ ശുചീകരണ പ്രവൃത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും ചപ്പു ചവറുകളും തരം തിരിച്ചാണ് നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: