പെരുമ്പാവൂര്‍: കോടനാട് ആനക്കളരി അവഗണന മൂലം ജീര്‍ണ്ണതയുടെ വക്കില്‍, വേണ്ടത്ര ചികിത്സ ലഭിക്കാത്തതുകൊണ്ട് ഒമ്പത് വയസ് പ്രായമുള്ള അഞ്ജന എന്ന പിടിയാന രോഗം മൂലം അവശനിലയില്‍. എരട്ടകെട്ട് അഥവാ പിണ്ടകെട്ട് എന്ന രോഗാവസ്ഥയിലാണ് ആന. ഒരാഴ്ചയിലധികമായി ആനയ്ക്ക് രോഗാവസ്ഥ തുടങ്ങിയിട്ട് ഇതുവരെ രോഗത്തിന് ശമനമില്ല.
വിദഗ്ധമായ സ്ഥിരം ചികിത്സ ലഭിച്ചില്ലെങ്കില്‍ ആനയുടെ നില ഗുരുതരമാകുമെന്നാണ് പറയുന്നത്. വനംവകുപ്പിന്റെ കോന്നിയിലെ ആന ഷെല്‍ട്ടറില്‍നിന്ന് വല്ലപ്പോഴും വന്നുപോകുന്ന ഡോക്ടറുടെ സേവനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്ഥിരമായി വിദഗ്ധരായ ഡോക്ടറുടെ സേവനം ഇവിടെ ലഭിക്കാതിരുന്നതിനാല്‍ എട്ടോളം ആനക്കുട്ടികളാണ് ഈ ആനക്കളരിയില്‍ ചത്തുപോയിട്ടുള്ളത്. കോടനാട് ആനക്കളരി ഇതിനകം ആനകളുടെ ശവക്കോട്ടയായി മാറിക്കഴിഞ്ഞു. ഇതിന്റെയെല്ലാം ഉത്തരവാദിത്തം ആനപാപ്പാന്മാരുടെ തലയില്‍ കെട്ടിവച്ച് വനംവകുപ്പ് രക്ഷപ്പെടുകയാണ് ചെയ്തുവരുന്നത്.
ഏകദേശം ഒന്നരവയസ് പ്രായമുള്ളപ്പോള്‍ 2007ല്‍ വേട്ടാംപാറയില്‍ സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണാണ് ഈ പിടിയാനയെ വനംവകുപ്പിന് കിട്ടിയത്. ആനക്കളരിയിലെ ചികിത്സയും പാപ്പാന്മാരുടെ പരിചരണവും കൊണ്ടാണ് ഒന്നരവയസായ കുട്ടിയാന ഇതുവരെ വളര്‍ന്നത്. ഒരുകാലത്ത് 22 ആനകള്‍ വരെ ഈ ആനക്കളരിയിലുണ്ടായിരുന്നു. അതുകൊണ്ട് സ്ഥിരം ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പറയുന്നത്. സുനിത, ആശ, പാര്‍വ്വതി, അഞ്ജന എന്നീ പിടിയാനകളും ഹരിപ്രസാദ്, നീലകണ്ഠന് എന്നീ കൊമ്പനാനകളുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതില്‍ അഞ്ജന എന്ന ആനയാണ് ഇപ്പോള്‍ രോഗാവസ്ഥയിലുള്ളത്.
ചികിത്സ നടത്തുന്ന ഡോക്ടറുടെ അനാസ്ഥ മൂലമാണ് കോടനാട് നാലും തിരുവനന്തപുരം കോട്ടൂരില്‍ മൂന്ന് ആനക്കുട്ടികളും ചെരിയാന്‍ കാരണമെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. കോടനാട് ആനക്കളരിയിലെ ആനകളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണത്തിനായി വനംവകുപ്പ് ദിനംപ്രതി ലക്ഷങ്ങളാണ് ചെലവാക്കുന്നതെന്നാണ് കണക്ക്. എന്നാല്‍ ഇതെല്ലാം രേഖയില്‍ മാത്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ആനക്കളരി ഇന്ന് അവഗണനമൂലം നാശോന്മുഖമായി മാറിയിരിക്കുന്നു. വിദേശീയരായ വിനോദസഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ആനസവാരി ഇപ്പോള്‍ നിര്‍ത്തലാക്കി. ഇവിടെ വളര്‍ത്തി പരിപാലിച്ചുവന്നിരുന്ന മൃഗശാല അടച്ചുപൂട്ടി. മയിലുകള്‍ അപൂര്‍വ്വയിനം കുരങ്ങുകള്‍ എന്നിവയെ മറ്റു മൃഗശാലകളിലേക്ക് മാറ്റി. അടുത്തകാലത്ത് ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് തകര്‍ന്ന് നാമാവശേഷമായി. വന്‍ തുക ചെലവാക്കി നിര്‍മ്മിച്ച ഉദ്യാനവും നക്ഷത്ര ഔഷധ ഉദ്യാനവും കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗതലത്തിലെ അനാസ്ഥയുമാണ് ആനക്കളരിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ പറയുന്നത്. സന്ദര്‍ശകര്‍ 10 രൂപയുടെ പ്രവേശന പാസെടുത്ത് നിരാശരായി മടങ്ങുകയാണ്.
ചില ഉദ്യോഗസ്ഥരുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി കോടനാട് ആനക്കളരിയും മൃഗശാലയും ഇവിടെ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രണ്ട് ആനകളെ കോന്നിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: