ന്യൂദല്‍ഹി: ഈ മാസം 15, 16 തീയതികളില്‍ കൊളംബോയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി(ചോഗം)യില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാട്ടി പ്രധാനമന്ത്രി മന്മോഹന് സിങ് ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചു. സന്ദര്‍ശനം റദ്ദാക്കിയതില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഉച്ചകോടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് ഇന്ത്യയെ പ്രതിനിധീകരിക്കും.
ചില സാഹചര്യങ്ങള്‍ മൂലമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമായിത്തന്നെ മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റിനെ അറിയിച്ചു. കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ നിന്നും സംഘടനകളാണ് രംഗത്ത് എത്തിയത്. കൂടാതെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് പ്രധാനമന്ത്രിയെ ലങ്കയിലേയ്ക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനമായത്. ഈ മാസം 15, 16 തിയ്യതികളിലാണ് ഉച്ചകോടി. ലങ്കയിലെ തമിഴ് വംശഹത്യയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചകോടിയില്‍ നിന്നും പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് രാജ്യതാല്പര്യത്തിന് വിരുദ്ധമാകുമെന്നാണ് വിദേശകാര്യ-പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ലങ്കയ്ക്കെതിരായി ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാടെടുക്കുന്നത് ശ്രീലങ്കയെ ചൈനയോട് കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിക്കുമെന്നും ഇത് ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനു മുന്‍പും പ്രധാനമന്ത്രിമാര്‍ കോമണ്‍വെല്‍ത്ത് സമ്മേളനങ്ങളില്‍ നിന്നും വിട്ടുനിന്ന പാരമ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. 1993 മുതല്‍ നടന്ന 10 കോമണ്‍വെല്‍ത്ത് ഉച്ചകോടികളില്‍ 5 എണ്ണത്തില്‍ മാത്രമേ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുത്തിട്ടുള്ളൂ. മറ്റ് സമ്മേളനങ്ങളിലെല്ലാം പ്രതിനിധിമാരെ അയക്കുകയായിരുന്നു കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ അയക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ ഔചിത്യക്കുറവിനെ കുറിച്ച് പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിദേശകാര്യ മന്ത്രിയെ അയക്കാന്‍ ഒടുവില്‍ ധാരണയായത്. 53 രാജ്യങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: