മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം സ്വര്‍ണ്ണക്കടത്തിന്റെ കേന്ദ്രമാകുന്നു. വെള്ളിയാഴ്ച എയര്‍ഹോസ്റ്റസ് അടക്കം രണ്ട് സ്ത്രീകളെ ആറ് കിലോ സ്വര്‍ണ്ണവുമായി പിടികൂടിയതിന് പിന്നാലെ ഇന്നലെ വീണ്ടും കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട നടന്നു. രാമനാട്ടുകര സ്വദേശി നവാസില്‍നിന്ന് രണ്ട് കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. ഗ്ലൗസിന്റേയും സ്പൂണിന്റെയും രൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
എല്ലാദിവസവും സ്വര്‍ണ്ണം പിടികൂടിയിട്ടും കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനുപിന്നില്‍ ഉദ്യോഗസ്ഥരുടെ വന്‍ ഒത്താശയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം പിടിയിലായ എയര്‍ഹോസ്റ്റസിന്റെ മൊഴിയിലൂടെ മലബാര്‍ കേന്ദ്രീകരിച്ച് സ്വര്ണ്ണറാക്കറ്റിന്റെ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എയര്‍ഹോസ്റ്റസും യാത്രക്കാരിയും സ്ഥിരമായി കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്താറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.
ജൂലൈ മുതല്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഏകദേശം 11 കോടി രൂപ വരുന്ന സ്വര്‍ണ്ണം കടത്തിയതായാണ് ഇവരുടെ മൊഴി. വെള്ളിയാഴ്ച രാവിലെ ആറിന് ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂരിലെത്തിയപ്പോഴാണ് എയര്‍ഹോസ്റ്റസായ വയനാട് പുല്‍പ്പള്ളി സ്വദേശിനി വി.എസ്. ഹിറോമാസയും (24), യാത്രക്കാരി തലശേരി സ്വദേശിനി റാഹില ചെറായിയും (32) ആറു കിലോ സ്വര്‍ണവുമായി ഡിആര്‍ഐ സംഘത്തിന്റെ വലയിലായത്. ഓരോ കിലോയുടെ മൂന്നു സ്വര്‍ണക്കട്ടികള്‍ വീതം ശരീരത്തിന്റെ പിന്‍ഭാഗത്തു ബെല്‍റ്റ് രീതിയില്‍ ചേര്‍ത്തുവച്ചു തുണികൊണ്ടു വരിഞ്ഞുകെട്ടി അതിനു മുകളില്‍ ജീന്‍സ് ധരിച്ചാണ് ഇരുവരും കടത്താന്‍ ശ്രമിച്ചത്.
വനിതാ ഉദ്യേഗസ്ഥരുടെ സഹായത്തോടെയാണ് ഇവരെ പരിശോധന നടത്തി സ്വര്‍ണ്ണം പിടിച്ചെടുത്തത്. കഴിഞ്ഞദിവസം കടത്തിയ സ്വര്ണ്ണത്തിനുമാത്രം 1.84 കോടി രൂപ വിലവരുന്നതാണ്. നാല്പത് കിലോ സ്വര്ണത്തിലധികം രണ്ടുപേരും ചേര്‍ന്ന് ഇവിടേക്ക് കടത്തിയിട്ടുണ്ടെന്നാണ് വിവരം. ദുബായില്‍ ഐടി കമ്പനിയില്‍ രണ്ട്ലക്ഷം രൂപ വരെ പ്രതിമാസശമ്പളം വാങ്ങുന്ന ജോലിക്കാരിയാണ് റാഹില. കൂടുതല്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇവര്‍ സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പല മേഖലകളിലും റാഹിലയ്ക്ക് സൗഹൃദമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. റാഹിലയുമായി വിമാനത്തില്‍വച്ചുണ്ടായ പരിചയമാണ് എയര്‍ഹോസ്റ്റസായ ഹിറോമാസയെയും സ്വര്‍ണക്കടത്ത് സംഘത്തിലെത്തിച്ചതെന്ന് അന്വേഷണസംഘം പറയുന്നു. ഒരു തവണ സ്വര്‍ണം കടത്തിയാല്‍ ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലം കിട്ടിയിരുന്നതത്രെ.
ആദ്യ തവണ വിജയകരമായി സ്വര്‍ണം കടത്തിയതോടെ ഹിറോമാസ പിന്നെയും സ്വര്‍ണക്കടത്തിന് തയാറാകുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി മാത്രമാണ് ഇവര്‍ സ്വര്‍ണം കടത്തിയിട്ടുള്ളത്. എന്നാല്‍ റാഹില കരിപ്പൂര്‍ കൂടാതെ കൊച്ചി, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയിട്ടുണ്ട്. കരിപ്പൂര്‍ വഴി സ്വര്ണ്ണംകടത്തിയതിന് പിടിയിലായവരില്‍ ഭൂരിഭാഗം പേരും മലബാര്‍ സ്വദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: