ആലുവ: യു.സി.കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം തലമുറകളുടെ സംഗമ വേദിയായി.1940 കള്‍ മുതല്‍ യൂ.സിയില്‍ പഠിച്ചിറങ്ങിപ്പോയ ഒട്ടേറെയാളുകള്‍ ജീവിതത്തിന്റെ തിരക്കുകള്‍ മാറ്റിവെച്ച് തങ്ങളുടെ സുരഭിലമായ യവ്വനകാലം ചിലവിട്ട കാമ്പസില്‍ ഒത്തുചേരാനെത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രശസ്ത സാഹിത്യകാരന് സേതുവാണ് സംഗമപരിപാടി ഉദ്ഘാടനം ചെയ്തത്. യൂ.സിയിലെ ഗതകാലപഠനാനുഭവങ്ങള് അദ്ദേഹം വികാരഭരിതമായി അയവിറക്കി. യുസി.യിലെ ഓര്‍മ്മകളുടെ പച്ചപ്പാണ് തന്റെ ജീവിതത്തിലെ വിലപ്പെട്ട മുതല്‍ക്കൂട്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ 75 വയസ്സു പിന്നിട്ട പൂര്‍വ്വ അധ്യാപകരെ പൊന്നാടയും ഉപഹാരങ്ങളും നല്കി ആദരിച്ചു.2010 നു ശേഷം ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് പ്രത്യേക സ്വാഗത പരിപാടി സംഘടിപ്പിച്ചു. അക്കാദമിക മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എ.ബെന്നി ചെറിയാന് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഡോ.രാജു.കെ.ജോണ്‍, അഡ്വ. എ.ജയശങ്കര്‍, അഡ്വ.അയൂബ് ഖാന്, ശശി ജെ. അലക്സ്, ഡോ.ഡേവിഡ് സാജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി മലയാളം വകുപ്പു മേധാവി ഡോ.എം.ഐ.പുന്നൂസിനെ യോഗം തെരഞ്ഞെടുത്തു.ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കി. രാവിലെ കോളജ് ചാപ്പലില്‍ നടന്ന കൃതജ്ഞതാ ശുശ്രൂഷയ്ക്ക് റവ.ഡോ.ഏബ്രഹാം ഫിലിപ്പ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: