പ്രസാദാത്മകവും ഛന്ദോബദ്ധവുമായ കവിതകള്‍കൊണ്ട് കാവ്യദേവതയ്ക്ക് മുന്നില്‍ അര്‍ച്ചനം നടത്തുന്ന പി.പി.പട്ടശ്ശേരിയെന്ന പുരുഷോത്തമന് നമ്പൂതിരിയുടെ ആദ്യകവിതാ സമാഹാരമാണ് “കാവ്യപൂജ”. ജോലിതേടി നാടുവിട്ട നമ്പൂതിരി ദീര്‍ഘകാലത്തെ മറുനാടന്‍ ജീവിതത്തിനുശേഷം 2004 ല്‍ തിരിച്ചെത്തിയതോടെയാണ് കവിതയിലേക്കും ഒരു തിരിച്ചുവരവ് നടത്തിയത്. മറുനാടന്‍ ജീവിത സാഹചര്യങ്ങളിലും മലയാള കവിതയെ മാറോടണച്ചുകൊണ്ട് തന്റെ കാവ്യസംസ്കാരമാകുന്ന ദീപനാളത്തെ കെടാതെ സൂക്ഷിക്കാന്‍ ഈ കവിയ്ക്കു കഴിഞ്ഞു.
‘സ്വപ്നസംഗീതം’ എന്ന കവിതയോടെയാണ് ഈ ‘കാവ്യപൂജ’യിലേക്ക് പ്രവേശിക്കുന്നത്.
‘മര്‍ത്യമാനസങ്ങളില്‍ പുത്തനാമുണര്‍വിന്റെ
വിത്തുകള്‍ വിതയ്ക്കുവാനെത്തിടും സ്വപ്നങ്ങളേ…’
എന്നാണ് കവി മധുരസ്വപ്നങ്ങളെ അഭിസംബോധന ചെയ്യുന്നത്.
“മാനവപ്രതിഭയെ നിത്യനൂതനമാക്കും
മായിക സ്വപ്നങ്ങളെ നിങ്ങള്‍ക്ക് നമസ്കാരം!”
എന്ന് അരുമസ്വപ്നങ്ങള്‍ക്ക് നമോവാകമര്‍പ്പിക്കാനും കവി മറക്കുന്നില്ല. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മെ നയിക്കുമെന്ന സത്യം നാം വിസ്മരിച്ചുകൂടാ. ധര്മമാര്ഗത്തില് വിജയത്തിന്റെ നവചൈതന്യം പകരാന്‍ സ്വപ്നങ്ങള്‍ക്ക് സാധിക്കുമെന്ന ഉത്തമ വിശ്വാസം കവി വച്ചുപുലര്‍ത്തുന്നുമുണ്ട്.
കാലത്തിന്റെ കാലൊച്ചകേട്ടുകൊണ്ട് മനുഷ്യത്വത്തിന്റെ ചേരിയില്‍ മാത്രം ഉറച്ചുനില്‍ക്കുന്ന കവി ചിലപ്പോള്‍ നിരൂപകരാല്‍ കല്ലെറിയപ്പെട്ടെന്നിരിക്കും. “നോവുമാത്മാവിനെ സ്നേഹിക്കുന്ന” കവി വര്‍ഗത്തിന് ഒരു രാഷ്ട്രീയ ചേരിയിലും ദീര്‍ഘകാലം നിലനില്ക്കാന് കഴിഞ്ഞെന്നിരിക്കില്ല. എങ്കിലും സത്യത്തിന്റെ ചേരിയില്‍ നില്‍ക്കുന്നവരെ കാലം തിരിച്ചറിയുമെന്ന വിശ്വാസവും കവിയ്ക്കുണ്ട്. ‘കല്ലെറിയപ്പെട്ട കവി’ എന്ന കവിതയിലെ പ്രമേയമിതാണ്.
വിഷുക്കണിയുടെ മനോഹരമായ ചിത്രം വരച്ചുകാട്ടുകയാണ് “നഗരത്തിലൊരു വിഷുക്കണി”എന്ന കവിതയിലൂടെ. പരമ്പരാഗതമായ വിഷുക്കണി ഇത്തരത്തില്‍ത്തന്നെയാണ്. പക്ഷേ കവിക്ക് വ്യത്യസ്തമായ ഒരു വിഷുക്കണിയാണ് കാണാന്‍ കഴിയുന്നത്. ഉറക്കത്തില്‍ നിന്നുണര്‍ന്ന കവി കാണുന്ന കാഴ്ച ഇപ്രകാരമായിരുന്നു.
“കുഞ്ഞിളം വിരലുണ്ടും കാലുകള്‍ കുടഞ്ഞും തേ-
നൂറിടുമിളം ചുണ്ടില്‍ പുഞ്ചിരി നിലാവുന്നു”
അങ്ങനെ വിഷുക്കണി കവിയ്ക്കും വായനക്കാര്‍ക്കും മധുരോദാരമായ ഒരു അനുഭവമാക്കിത്തീര്‍ത്തിരിക്കുകയാണ് ഈ കവിതയിലൂടെ.
കുട്ടിക്കാലത്തെ ഓര്‍മകളെ തൊട്ടുഴിയുമ്പോള്‍ മാറിയ കാലത്തിന്റെ ബന്ധങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കും മുമ്പില്‍ സ്വയം ഒരു തൊട്ടാവാടിയായി മാറുന്ന കവിയുടെ അനുഭവം “തൊട്ടാവാടി” എന്ന കവിതയില്‍ ഭാവബന്ധുരമായി ചിത്രീകരിച്ചിരിക്കുന്നു.
ഊഷ്മളമായ വ്യക്തിബന്ധങ്ങളുടെ വൈകാരിക തലത്തിലേക്ക് ഉയര്ന്നുനില്ക്കുന്ന ഒരു കവിതയാണ് “കണിക്കൊന്നയോട്”. വിഷുക്കണിക്കായി പൂവുപൊട്ടിച്ചെടുക്കുമ്പോഴും കണിക്കൊന്ന ചിരിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആ ചിരിയില്‍ ദുഃഖത്തിന്റെ ഇതളുകളുണ്ടെന്ന് തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. അമ്മയെ പിരിഞ്ഞ് മറുനാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അമ്മയുടെ ചുണ്ടിലെ പുഞ്ചിരിക്കുള്ളിലെ ദുഃഖം കവി തിരിച്ചറിയുന്നു. സ്നേഹസാന്നിധ്യത്തെ ഇറുത്തെടുക്കുമ്പോഴും പുഞ്ചിരിക്കുന്ന ഒരു കൊന്നപ്പൂവാണ് അമ്മയെന്ന സത്യം കവി മനസ്സിലാക്കുന്നു.
“ഖിന്നയായ്നില്‍ക്കുമെന്നമ്മതന്‍ ചുണ്ടിലും കണ്ടു ഞാന്‍ കൊന്നേ! ഭവല്‍ച്ചിരി…
അങ്ങനെയാണ് ഇറുത്തെടുക്കുമ്പോള്‍ കൊന്നപ്പൂവിനും ദുഃഖമുണ്ടാകുമെന്ന സത്യം കവി ഉള്‍ക്കൊള്ളുന്നത്.
പഴകുംതോറും വീര്യമേറിവരുന്ന വീഞ്ഞിനോടാണ് ദാമ്പത്യ ജീവിതത്തെ കവി ഉപമിച്ചിരിക്കുന്നത്. ‘മരമുക്തകങ്ങള്‍’ എന്ന രണ്ടുശ്ലോകങ്ങളില്‍ രണ്ടാമത്തേത് ഒന്നാമതായി മികച്ചുനില്ക്കുന്നു.
“കുഞ്ഞിന് നാളിലെനിക്കുതൊട്ടില്‍, വലുതായപ്പോള്‍ മണിക്കട്ടിലായ്
മഞ്ഞില്‍ ഗീതമകറ്റി നീ, കിഴവനെന്‍ ദേഹത്തിനൂന്നായി നീ,
നാളെക്കാലപുരിക്കുപോകുമിവനേ നിന് കൈകളാമഗ്നി തന്
നാളത്താലെയെടുത്തുപോകുക, നമസ്ക്കാരം മഹാവൃക്ഷമേ.”
മനുഷ്യജീവിതത്തിന്റെ ആദിമധ്യാന്തങ്ങളില്‍ ഒരു വരപ്രസാദമായി നിലകൊള്ളുന്ന മഹാവൃക്ഷങ്ങള്‍ക്ക് നമോവാകമേകുന്ന ഒരു മികച്ച ശ്ലോകം തന്നെയാണിത്.
‘എന്റെ കവിത’ എന്ന കവിതയില്‍ ‘പഴഞ്ചനാണ് ഞാന്‍, പഴഞ്ചനാണു ഞാന്‍ പഴയമട്ടിലെന്‍ കവിതയിപ്പൊഴും’ എന്നെഴുതുന്ന കവി, പഴയമൂല്യങ്ങള്‍ ഉയിര്ത്തെഴുന്നേല്ക്കുന്ന വരുംകാലത്തെ സ്വപ്നം കാണുന്നുണ്ട്. അക്കാലത്ത് തന്റെ കവിത അംഗീകരിക്കപ്പെടുമെന്നുള്ള പ്രത്യാശയും കവിയ്ക്കുണ്ട്.
പാരമ്പര്യത്തനിമയോടെ, വൃത്തബദ്ധതയോടെ, സാമൂഹിക പ്രതിബദ്ധതയോടെ അക്ഷരപൂജ നടത്തുന്ന ഒരു കാവ്യോപാസകനെയാണ് ഈ കാവ്യസമ്പുടത്തിലൂടെ കടന്നുപോകുന്ന സാഹിതീ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്.
കവിയും വാഗ്മിയും സംസ്കൃതപണ്ഡിതനുമായ ഡോ.കൈപ്പിള്ളി കേശവന് നമ്പൂതിരിയുടെ അവതാരിക ‘കാവ്യപൂജ’യിലേക്കുള്ള വഴിവിളക്കായി നിലകൊള്ളുന്നു. ഒരു തീര്‍ത്ഥാടനത്തിന്റെ സംതൃപ്തിയോടെ ഈ കാവ്യസുമങ്ങളെ അടുത്തറിയുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാവ്യസംസ്കാരത്തിന്റെ പുനര്‍ജ്ജീവനമായി ഇതിലെ ഓരോ കവിതകളും മാറുന്നു എന്നതാണ് സത്യം.
യോഗക്ഷേമസഭ-കുന്നത്തുനാട് ഉപസഭ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ വില 50 രൂപയാണ്. പി.പി.പട്ടശ്ശേരി, രമണീയം, ഇരിങ്ങോള്‍ പി.ഒ., പെരുമ്പാവൂര്‍ (ഫോണ്‍: 9447725938)
പ്രതികരിക്കാൻ ഇവിടെ എഴുതുക: