കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി ഫയസിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്ന് സിബിഐയോട് ഹൈക്കോടതി. രേഖകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ഫയസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കേസില്‍ അന്വേഷണം പ്രാരംഭദശയിലാണെന്നും ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഫയസിന് ഉന്നതരുമായി ബന്ധമുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കേസില്‍ ഇനിയും പലരെയും പിടികൂടാനുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയേയും സുരക്ഷിതത്തെയും ബാധിക്കുകയും ചെയ്യുന്ന കുറ്റമാണ് ഫയസിന്റേത്. നാല് തവണയായി ഇയാള്‍ 60 കിലോ സ്വര്‍ണം കടത്തിയെന്നും പിടിയിലായത് ഒരിക്കല്‍ മാത്രമാണെന്നും സിബിഐ അറിയിച്ചു.
ഫയസിന് ജാമ്യം അനുവദിക്കുകയാണെങ്കില്‍ കടത്തിയ സ്വര്‍ണം പിടിച്ചെടുക്കുന്നത് ബുദ്ധിമുട്ടാകും. മാത്രമല്ല കേസിന്റെ അന്വേഷണത്തെ തടസപ്പെടുത്തുകയും ചെയ്യുമെന്നും സിബിഐ വാദിച്ചു. സിബിഐയുടെ വാദം അംഗീകരിച്ച കോടതി ഫയസിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഫയസിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാത്തതില്‍ സിബിഐയെ കോടതി വിമര്‍ശിച്ചത്. സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കുന്നതല്ലേ നല്ലതെന്നും കോടതി വാക്കാല്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: