മട്ടാഞ്ചേരി: ഹൃസ്വ സന്ദര്‍ശനത്തിനെത്തുന്ന ചാള്‍സ് രാജകുമാരന് വരവേല്‍ക്കാന്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. കൊച്ചി നഗരം, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി കേന്ദ്രങ്ങളിലാണ് ചാള്‍സ് രാജകുമാരന് സന്ദര്‍ശനം നടത്തുന്നത്. 11 മുതല്‍ 14 വരെയുള്ള രാജകുമാരന്റെ സന്ദര്‍ശനത്തിനായി നഗരത്തിലെ റോഡുകള്‍ നവീകരിക്കാന്‍ നടപടി തുടങ്ങി.
പൊതുമരാമത്ത് വകുപ്പാണ് റോഡ് നവീകരണത്തിന് കോടികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കുമുള്ള ഏഴ് സുപ്രധാന റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി അന്താരാഷ്ട്ര നിലവാരത്തില്‍ ഗതാഗതത്തിനായി തയ്യാറാക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് പ്രാരംഭം കുറിച്ചുകഴിഞ്ഞു.
ഇതിനിടെ മട്ടാഞ്ചേരി ജൂതപള്ളി ചാള്‍സ് രാജകുമാരന് സന്ദര്‍ശിക്കുന്നതുമൂലം മാസങ്ങളായി മുറവിളി കൂട്ടുന്ന മട്ടാഞ്ചേരി-പനയപ്പള്ളി റോഡ് ടാര്‍ ചെയ്ത് നവീകരിക്കുവാനും പൊതുമരാമത്ത് വകുപ്പ് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. രാജകുമാരന്റെ സന്ദര്‍ശനം പശ്ചിമകൊച്ചിയിലെ തകര്‍ന്ന റോഡുകളുടെ ശാപമോക്ഷത്തിനിടയാക്കുമെന്നാശ്വസിക്കാമെങ്കിലും അടിയന്തര നടപടിയെന്നതിനാല്‍ ഒഴിവാക്കപ്പെടുന്ന നടപടിക്രമങ്ങള്‍ വന്‍ അഴിമതിക്കിടയാക്കുമെന്നും വിലയിരുത്തുന്നു. ഞായറാഴ്ച ഉച്ചമുതല്‍ ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയില്‍ കര്‍ശന സുരക്ഷാ സംവിധാനത്തിനായി പോലീസ്-അര്‍ദ്ധ സൈനിക തയ്യാറെടുപ്പ് നടത്തുകയാണെന്ന് സുരക്ഷാ വൃത്തങ്ങളും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: