ദന്തേവാഡ: രാവിലെ ഏഴരയോടെ ജഗ്ദല്‍പൂരില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള കുപ്രസിദ്ധമായ മാവോയിസ്റ്റു കേന്ദ്രമായ ദന്തേവാഡയിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലം മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട പാവങ്ങളായ വനവാസികളേപ്പറ്റിയും ദാരിദ്ര്യത്തെ മുതലെടുത്ത് അവരില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ച മാവോയിസ്റ്റുകളേപ്പറ്റിയുമായിരുന്നു ചിന്തകളെല്ലാം. ദന്തേവാഡയിലേക്കുള്ള ദേശീയപാത 16ല്‍ വാഹനം കയറിയ ഉടന്‍ തന്നെ പോലീസ് ചെക് പോസ്റ്റ്. രാജ്കോട്ട് വരെയുള്ള 20 കിലോമീറ്ററില്‍ ഓരോ കിലോമീറ്ററിലും പരിശോധനാ കേന്ദ്രങ്ങള്‍. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ നിരന്തരം പോരാട്ടം നടക്കുന്ന മണ്ണിലേക്കുള്ള യാത്ര മുന്‍വിധിയോടെയാണ് മുന്നോട്ടു നീങ്ങിയത്.
രാജ്കോട്ടില്‍ നിന്നും ദന്തേവാഡയിലേക്കുള്ള റോഡിലെ പ്രധാന കേന്ദ്രമായ ഗീതം അടുക്കും തോറും റോഡിലെ അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സാന്നിധ്യം കൂടിക്കൂടി വന്നു. ഓരോ നൂറുമീറ്ററിലും ആയുധധാരികളായ രണ്ടും മൂന്നും സുരക്ഷാ സൈനികര്‍. വഴിയരികിലൊന്നും തന്നെ വാഹനം നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ല. ഏതു നിമിഷവും നിങ്ങളുടെ വാഹനം മാവോയിസ്റ്റുകള്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പും പിന്നാലെ. വാഹനത്തില്‍ വഴികാട്ടിയായി ഉണ്ടായിരുന്ന ജഗ്ദല്‍പൂരിലെ ദണ്ഡകാരണ്യം ടൈംസ് ലേഖകന്‍ മലയാളിയായ കെ.കെ. വാസുദേവന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നിരവധി മാവോയിസ്റ്റ് നേതാക്കളുടെ ബലികുടീരങ്ങള്‍ റോഡിനിരുവശവും കാണിച്ചു തന്നു. നിരവധി തവണ മാവോയിസ്റ്റ് ബോംബാക്രമണത്തില്‍ തകര്‍ന്ന ഗീതത്തിലെ പോലീസ് ചെക് പോസ്റ്റിനു മുന്നിലാണ് കിലോമീറ്ററുകള്‍ പിന്നിട്ട് വാഹനം നിര്‍ത്തിയത്. ഇവിടെ നിന്നും പത്തു കിലോ മീറ്റര്‍ കൂടിയുണ്ട് ദന്തേവാഡയിലേക്ക്. പോലീസിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍ക്ക് കിട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ദന്തേവാഡയിലെത്തിയപ്പോള് അവിടെയും കര്‍ശന സുരക്ഷാ പരിശോധന. എന്നാല്‍ മുന്‍ധാരണകളെ മാറ്റിമറിക്കുന്ന കാഴ്ചകളായിരുന്നു ഈ നൂറു കിലോമീറ്റര്‍ ദൂരവും കാണാനായത്. അത് ഒരു ഉപ്പു വിപ്ലവം സൃഷ്ടിച്ച മാറ്റത്തിന്റെ കഥയാണ്.
പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന പഴയ ദണ്ഡകാരണ്യ വനമാണ് ഇന്നത്തെ ദന്തേവാഡ. വനവിഭവങ്ങള്‍ ശേഖരിച്ചു ജീവിക്കുന്നവരാണ് ഇന്നും ബഹുഭൂരിപക്ഷവും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കഴിഞ്ഞ അമ്പതു വര്‍ഷവും ഉദ്യോഗസ്ഥന്മാരുടേയും രാഷ്ട്രീയക്കാരുടേയും ചൂഷണത്തിനിരയായ കാടിന്റെ യഥാര്‍ത്ഥ അവകാശികളാണിവിടെയുള്ളവര്. ആയിരക്കണക്കിനു രൂപ വിലയുള്ള വനവിഭവങ്ങള്‍ ഒരു കിലോ ഉപ്പിനു വേണ്ടി വെറുതെ നല്കിയ നിരക്ഷര ജനത. അര നൂറ്റാണ്ടു പിന്നിട്ട ആ ചൂഷണങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയത്. 35 കിലോ അരിയും മറ്റു ഭക്ഷ്യധാന്യങ്ങള്‍ക്കും പുറമേ രണ്ടു കിലോ ഉപ്പും മാസംതോറും പദ്ധതിയിലൂടെ നല്‍കിത്തുടങ്ങിയതോടെ വനവാസികളുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ദാരിദ്ര്യത്തിന്റേയും ഉദ്യോഗസ്ഥ ചൂഷണത്തിന്റേയും മറപറ്റി ബസ്തര്‍ വനമേഖലയില്‍ തഴച്ചു വളര്ത്ത മാവോയിസത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ഡോ.രമണ്‍സിങ് സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം. വനവാസികളുടെ ഏറ്റവും പ്രീയപ്പെട്ട ഭക്ഷ്യവസ്തുവായിരുന്നു ഉപ്പ്. പൊതു വിതരണ സമ്പ്രദായം പരിഷ്ക്കരിച്ചതോടെ വനമേഖലയിലെ വനവാസികള്‍ക്കെല്ലാം ഭക്ഷ്യധാന്യങ്ങളും ഉപ്പും എത്തിത്തുടങ്ങി. ഇതോടെ മാവോയിസത്തിലേക്ക് ആളേക്കിട്ടാതായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരുന്ന ചൂഷണവും നിലച്ചു. ബിജെപിയുടെ ഭരണ മികവിന്റെ ഉദാഹരണങ്ങളായി വനവാസി മേഖലകള്‍ രൂപം മാറിത്തുടങ്ങിയത് ഇതോടെയാണ്. ജഗ്ദല്പൂരില്നിന്നും ദന്തേവാഡയിലേക്ക് സഞ്ചരിച്ച നൂറു കിലോമീറ്റര്‍ ദൂരത്തിലും ഓരോ വനവാസി കുടിലുകള്‍ക്കു മുകളിലും പാറിപ്പറക്കുന്ന ബിജെപിയുടെ പതാകകള്‍ പാര്‍ട്ടിയുടേയും രമണ്സിങ്ങിന്റേയും സ്വാധീനം എത്രയുണ്ടെന്നതിന്റെ തെളിവുതന്നെ.
ദന്തേവാഡയില്‍ നിന്നും പോലീസ് മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും ഇരുപതു കിലോമീറ്റര്‍ താണ്ടി ബാര്സൂറിലെത്തിയപ്പോള് പിഡിഎസ് ഷോപ്പില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി തലച്ചുമടായി വീടുകളിലേക്ക് മടങ്ങുന്ന ഗോണ്ട വിഭാഗത്തില്‍പ്പെട്ട വനവാസി സ്ത്രീകളെ കണ്ടു. ഇതിലും വലിയ അല്‍ഭുതം സഞ്ചരിച്ച റോഡുകളുടെ നിലവാരം തന്നെ. നൂറ്റി ഇരുപത് കിലോമീറ്റര്‍ മാവോയിസ്റ്റ് സ്വാധീന മേഖലയിലൂടെ സഞ്ചരിച്ചിട്ടും കുണ്ടുംകുഴിയുമുള്ള ഒരു മീറ്റര്‍ റോഡുപോലും കണ്ടില്ല. ചെറിയ ടൗണുകളില്‍ പോലും വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. ദന്തേവാഡയിലേക്ക് എത്തുംമുമ്പ് ഗീതം ബ്ലോക്കില്‍ ദേശീയ പാതയോരത്ത് ഉയരുന്ന എഡ്യൂക്കേഷന്‍ സിറ്റി. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് മാവോയിസ്റ്റുകള്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെന്ന വലിയ മാറ്റം എങ്ങും കാണാം. എങ്കിലും ജനാധിപത്യ സമ്പ്രദായത്തിനെതിരായ യുദ്ധം തുടരുന്ന മാവോയിസ്റ്റുകള്‍ മേഖലയുടെ വലിയ ഭീഷണി തന്നെയാണ്. വര്‍ഷങ്ങള്‍ നീളുന്ന കര്‍മ്മ പദ്ധതിയുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ മാവോയിസ്റ്റു സ്വാധീനം പതിയെ ഇല്ലാതാകുമെന്ന് ദന്തേവാഡയിലെ പുതിയ കാഴ്ചകള്‍ വ്യക്തമാക്കുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: