പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത് ദേശീയപാതയില്‍ വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ പയ്യന്നൂരിനടുത്ത എടാട്ട് വെച്ചാണ് 31 ക്വിന്റല്‍ തൂക്കം വരുന്ന 62 ചാക്ക് അമോണിയം നൈഡ്രേറ്റ്(വെടിയുപ്പ്) ശ്രീകണ്ഠപുരം എസ്ഐ കെ.കെ.വിജയന്റെ നേതൃത്വത്തിലുള്ള ഹൈവേ പോലീസ് കസ്റ്റഡിയിലെടുത്തത്. കെഎല്‍14 കെ 2389 നമ്പര്‍ ലോറിയില്‍ കടത്തുകയായിരുന്നു സ്ഫോടക വസ്തുശേഖരം.
കര്‍ണാടകയിലെ സകലേഷ്പുരത്തു നിന്നും കാസര്‍കോട് വഴി മട്ടന്നൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ഫോടക വസ്തുവാണ് പോലീസ് പിടികൂടിയത്. ലോറി ഡ്രൈവര്‍ ബദിയടുക്ക കുണ്ടംകുഴിയിലെ കെ.അബ്ബാസ്(40), ലോറിയിലുണ്ടായിരുന്ന ഇയാളുടെ സഹായി കുണ്ടംകുഴിയിലെ കാണിയക്കടുത്തെ അബ്ദുള്ളക്കുഞ്ഞി(27) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലോറിക്കുള്ളില്‍ നിരത്തിയിട്ട വെടിയുപ്പ് ചാക്കുകള്‍ക്ക് മേലെ കരിങ്കല്ചില്ലി നിരത്തിയ നിലയിലായിരുന്നു. സംശയം തോന്നിയ പോലീസ് അതു മാറ്റി പരിശോധിച്ചപ്പോഴാണ് വെടിയുപ്പ് നിറച്ച ചാക്കുകള്‍ കണ്ടെടുത്തത്. വെടിയുപ്പ് കടത്തുന്നതിനുളള രേഖകളൊന്നും ലോറി ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്നില്ല. മട്ടന്നൂര്‍ മേഖലയിലെ കരിങ്കല്‍ ക്വാറി ഉടമകള്‍ക്ക് നല്കുന്നതിനു വേണ്ടിയാണ് അമോണിയം നൈട്രേറ്റ് കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്. ലോറി മട്ടന്നൂരിലെത്തുമ്പോള് മാലൂരിലെ പുഷ്പരാജന്‍ എന്നയാള്‍ ലോറിയില്‍ കയറുമെന്നും അയാളുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നുമാണത്രെ ലോറി ഡ്രൈവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.
മുമ്പും നിരവധി തവണ ഇത്തരത്തില്‍ സ്ഫോടക വസ്തുശേഖരം കടത്തിയതായും ലോറിയിലുണ്ടായിരുന്നവര്‍ ചോദ്യംചെയ്യലില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലോറിയും വെടിയുപ്പ് ശേഖരവും പയ്യന്നൂര്‍ പോലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബദിയടുക്കയിലെ ഫൈസല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വെടിയുപ്പ് ശേഖരവുമായി കസ്റ്റഡിയിലെടുത്ത ലോറി. സ്ഫോടക വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ഇയാളാണെന്ന് കരുതുന്നതായി പോലീസ് സൂചിപ്പിച്ചു.
കരിങ്കല്‍ ക്വാറികളില്‍ പാറപൊട്ടിക്കുന്നതിനും സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുമാണ് സാധാരണയായി അമോണിയം നൈട്രേറ്റ് ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ത്തന്നെ 25 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് ക്വാറികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ വന്‍ തോതിലുളള വെടിയുപ്പ് ശേഖരം കണ്ടെത്തിയത് പോലീസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
സ്ഫോടക വസ്തുശേഖരത്തിന് പിന്നില്‍ ജില്ലയിലെ തീവ്രവാദി സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ലോറിയുടമ ഫൈസല്‍, ഡ്രൈവര്‍ അബ്ബാസ്, സഹായി അബ്ദുള്ളക്കുഞ്ഞി എന്നിവര്‍ക്കെതിരെ കേസെടുത്ത പോലീസ് അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു. പോലീസ് ലോറിയുടമക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: