മരട്: നീതിതേടിയുള്ള പോരാട്ടത്തില്‍ വെച്ച കാല് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് പത്മിനി എന്ന സ്ത്രീ. ട്രാഫിക് വാര്‍ഡനായ തന്നെ ജോലിക്കിടെ കയ്യേറ്റം ചെയ്തവരെ പിടികൂടാന്‍ ഇനിയും തയ്യാറാകാത്ത പോലീസ് അധികാരികളുടെ നിലപാടാണ് തന്നെ തളര്‍ത്തുന്നതെന്ന് അവര്‍ പറയുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടികജാതി വിഭാഗക്കാരികൂടിയായ പത്മിനി എന്ന ട്രാഫിക് വാര്‍ഡനെ കോണ്‍ഗ്രസ് നേതാവിന്റെ മകന് പരസ്യമായി കയ്യേറ്റം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ പിടികൂടാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സംഭവം നടന്ന അന്നു തന്നെ മര്‍ദ്ദനമേറ്റ പത്മിനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശാരീരികവും മാനസികവുമായി തളര്‍ന്ന ഇവര്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയിലാണ് ഏറെ പരിഭവം.
തന്നെ കയ്യേറ്റം ചെയ്ത ആള്‍ക്കെതിരെ വ്യക്തമായി പരാതിയും മൊഴിയും നല്‍കിയിട്ടും യാതൊരു നടപടിയും അന്വേഷണ ഉദ്യോഗസ്ഥരായ എറണാകുളം നോര്‍ത്ത് എസ്ഐയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. കേസ് എങ്ങനെ തേച്ചുമാച്ചുകളയും എന്ന ഗൂഢാലോചനയിലാണ് പോലീസ് എന്നാണ് പത്മിനി പറയുന്നത്.
കൊച്ചി നഗരത്തിലെ ഇടപ്പള്ളി ട്രാഫിക് സ്റ്റേഷന്റെ കീഴിലാണ് പത്മിനി വാര്‍ഡനായി ജോലി നോക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ജോലിക്കു പോകാത്തതിനാല്‍ വരുമാനവും നിലച്ചു. പത്മിനിയുടെ കഥ നിത്യവും മാധ്യമങ്ങളിലും മറ്റും വാര്‍ത്തയാകുന്നതിനിടെ ഇന്നലെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കൂടാതെ വിവിധ രാഷ്ട്രീയ സംഘടനകളും മഹിളാസംഘടനകളും ആശുപത്രിമുറിയിലെത്തി അവര്‍ക്ക് പിന്തുണ അറിയിച്ചു. സഹായത്തിന് മറ്റാരുമില്ലാത്ത പത്മിനിയും ഏക മകളും വിധിയെ പഴിച്ച് ആശുപത്രി മുറിയില്‍ കഴിച്ചുകൂട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: