കൊച്ചി: വനിതാ ട്രാഫിക് വാര്‍ഡനെ ആക്രമിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വിനോഷ് വര്‍ഗിസ് നിരപരാധിയാണെന്ന് കുടുംബാഗങ്ങള്‍. സംഭവത്തെ തുടര്‍ന്നു പൊലീസ് തങ്ങള്‍ക്കെതിരെ അക്രമം അഴിച്ചു വിടുകയാണെന്നും വിനോഷിന്റെ ഭാര്യ സ്റ്റെഫി, സഹോദരന് ഡാല്‍സണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒളിവില്‍ കഴിയുന്ന വിനോഷിനെ അന്വേഷിച്ചു രാത്രിയില്‍ വീട്ടിലെത്തിയ പൊലീസ് വൃദ്ധയായ മാതാവിനെ ഉപദ്രവിച്ചതായും അവര്‍ പറഞ്ഞു.
ബുധനാഴ്ച്ച രാത്രിയിലാണു പൊലീസ് വിനോഷിന്റെ വീട്ടിലെത്തിയത്. ഈ സമയം വിനോഷിന്റെ മാതാവും, ഭാര്യയും, സഹോദര ഭാര്യയും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വാറന്റ് ഇല്ലാതെ എത്തിയ ഉദ്യോഗസ്ഥര്‍ മാതാവിനെ തള്ളി താഴെയിടുകയായിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവ ദിവസം വിനോഷിന്റെ വാഹനത്തില്‍ ഇടിച്ച സ്കൂട്ടറിന്റെ നമ്പര്‍ എഴുതിയെടുക്കാത്തതിന്റെ കാരണം എന്താണെന്നു മാത്രമെ വാര്‍ഡനോടു ചോദിച്ചുള്ളു. തിരക്കേറിയ സ്ഥലത്തു പട്ടാപ്പകല്‍ വനിതാ വാര്‍ഡന്റെ യൂണിഫോം വലിച്ചു കീറി എന്നു പറയുന്നതില്‍ തന്നെ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു.
മര്‍ദനത്തിനിരയായി എന്നു പറയപെടുന്ന വാര്ഡന് മുമ്പും കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ രാഷ്ടീയമായോ, ഉദ്യോഗസ്ഥ തലത്തിലോ യാതൊരു ഇടപെടലും തങ്ങള്‍ നടത്തിയിട്ടില്ല. സംഭവത്തിന്റെ യഥാര്‍ഥ വശം പുറത്തു വരുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ചയാണ് കലൂര്‍-കതൃക്കടവ് റോഡില്‍ ഡ്യൂട്ടിക്കിടെ നിന്ന വാര്‍ഡനെ കാര്‍ ഡ്രൈവര്‍ അക്രമിച്ചത്. കതൃക്കടവ് പാലം ഇറങ്ങി വന്ന കാര്‍ കപ്പേളയ്ക്കു സമീപത്തുവച്ചു യുടേണ്‍ തിരിഞ്ഞു പാലത്തിനു സമീപത്തേക്കു വേഗത്തില്‍ ഓടിച്ചുപോകുകയും പാലത്തിനു സമീപത്തുനിന്ന് അതേവേഗത്തില്‍ റിവേഴ്സ് വരുകയുമായിരുന്നു. ഇതു കണ്ട വാര്ഡന് അപകടം ഒഴിവാക്കാനായി കലൂര്‍ ഭാഗത്തുനിന്നു വന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കാറിനു പോകാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. കാര്‍ ജനതാ റോഡിലേക്കു തിരിഞ്ഞു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറിനു ശേഷം തിരികെ വന്ന കാര്‍ തന്റെ അടുത്തു നിര്‍ത്തിയശേഷം കാര്‍ ഇടിച്ചതു കണ്ടില്ലേടി എന്നു ചോദിച്ചു ഡ്രൈവിംഗ് സീറ്റിലിരുന്നയാള്‍ അസഭ്യം പറയുകയും കാറില്‍നിന്ന് ഇറങ്ങി നെഞ്ചിലിടിക്കുകയും നെയിംബോര്‍ഡ് ഇളക്കിക്കളയുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്യുകയായിരുന്നുവെന്നാണ് വാര്ഡന് പറയുന്നത്. ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടര്ന്ന് ഇവര്‍ പരസഹായം കൂടാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി പ്രാഥമിക ശുശ്രൂഷകള്‍ സ്വീകരിച്ചു. തുടര്‍ന്നാണ് നോര്‍ത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: