അങ്കമാലി : ചാലക്കുടി പുഴയ്ക്ക് കുറുകെ അങ്കമാലി നിയോജകമണ്ഡലത്തിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തെയും ചാലക്കുടി അതിരപ്പിള്ളിയ്ക്കടുത്ത തുമ്പൂര്‍മുഴിയെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള 4.97 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച തൂക്കുപാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ഇന്ന് ആരംഭിക്കും, ടൂറിസം മന്ത്രി കെ. പി. അനില്‍കുമാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബി. ഡി. ദേവസ്സി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കെ. പി. ധനപാലന് എംപി, അഡ്വ. ജോസ് തെറ്റയല്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിക്കും.
210 മീറ്റര്‍ നീളത്തിലും ഒന്നര മീറ്റര്‍ വീതിയിലും പുഴയുടെ ഇരുകരകളിലും കോണ്‍ക്രീറ്റ് കോളം നിര്‍മ്മിച്ച് സ്റ്റീല്‍ വയര്‍ റോപ്പ് ഉപയോഗിച്ച് 1260 ഓളം പേര്‍ക്ക് ഒരേ സമയം കയറി നില്ക്കാവുന്ന രീതിയില്‍ ആണ് തൂക്കുപാലം രൂപകല്പന ചെയ്തിട്ടുള്ളത്. നിര്‍മ്മാണം സംബന്ധിച്ച് ടൂറിസം വകുപ്പ്, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനീയറിംഗ് കമ്പിനി ലിമിറ്റഡുമായി കരാര്‍ ഒപ്പുവച്ചു. ഇതിനാവശ്യമായ സ്ഥലം കൈമാറ്റം ചെയ്ത് ഒരു വര്‍ഷത്തിനകം തൂക്കുപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരാറില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രൊജക്ട് പ്രെപ്പോസലിലെ നിബന്ധനയനുസരിച്ചുള്ള എസ്റ്റിമേറ്റ് തുകയായ 4,67,77,220 രൂപയ്ക്കാണ് ടൂറിസം വകുപ്പ് തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയിട്ടുള്ളത്. കരാര്‍ പ്രകാരം എസ്റ്റിമേറ്റ് തുകയുടെ 50 ശതമാനം കരാര്‍ ഒപ്പുവയ്ക്കുമ്പോഴും 40 ശതമാനം ഫൗണ്ടേഷന്റെ പണി പൂര്‍ത്തിയാക്കി ഫാബ്രിക്കേറ്റ് സ്റ്റില്‍ സ്ട്രക്ചറും വയര്‍റോപ്പും വിതരണം ചെയ്യുന്ന മുറയ്ക്കും ബാക്കിയുള്ള 10 ശതമാനം പണി പൂര്‍ത്തിയാകുന്നതോടെയും ആയിരിക്കും കെഇഎലിന് നല്‍കുക. ദേശീയ പാതയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതിചെയ്യുന്ന ഏഴാറ്റുമുഖത്തെയും തുമ്പൂര്‍മുഴിയെയും ഒന്നാംക്ലാസ് ടൂറിസം സെന്ററുകളായി പ്രഖ്യാപിച്ചതോടെ കറുകുറ്റി, മൂക്കന്നൂര്‍ വഴി ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ഏഴാറ്റുമുഖത്ത് നിന്നും തുമ്പൂര്‍മുഴിയില്‍ എത്തിച്ചേരാന്‍ വെറ്റിലപ്പാറ പാലത്തിലൂടെ 5 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടതായി വരുന്നു. തൂക്കുപാലം യഥാര്‍ത്ഥ്യമാകുന്നതോടെ തെക്കന്‍ജില്ലകളില്‍ നിന്നും ഏഴാറ്റുമുഖത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സമയനഷ്ടവും ധനനഷ്ടവും കൂടാതെ തുമ്പൂര്മുഴിയിലേയ്ക്കും അതിരപ്പിള്ളിയിലേക്ക് എത്തിച്ചേരാവുന്നതാണ്. രണ്ട് ഏക്കറോളം സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തില്‍ മരത്തിന്റെ മുകളിലായി ഏറുമാടങ്ങളും ഇരിപ്പിടങ്ങളും കുളിക്കാനുള്ള സൗകര്യങ്ങളും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേപോലെതന്നെ എട്ട് ഏക്കറോളം സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന തുമ്പൂര്‍മുഴിയില്‍ പകുതിയോളം സ്ഥലത്ത് മനോഹരമായ ഉദ്യാനവും മറ്റനേകം അനുബന്ധസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ മേല്‍നോട്ടം സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വേനല്കാലങ്ങളില് അതിരപ്പിള്ളിയിലും ഏഴാറ്റുമുഖത്തും എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ ചാലക്കുടി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള ചെക്ക് ഡാമിന് മുകളിലൂടെനടന്നാണ് തുമ്പൂര്‍മുഴിയില്‍ എത്തിച്ചേരുന്നത്. തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തോടെ വര്‍ഷകാലത്ത് ചാലക്കുടി പുഴയില്‍ വെള്ളം നിറയുമ്പോള്‍ തൂക്കുപാലത്തിന്റെ മുകളില്‍ നിന്ന് പുഴയുടെ രൗദ്രതയും കാനനത്തിന്റെ വശ്യതയും വിനോദസഞ്ചാരികള്‍ക്ക് ഹൃദ്യമായി ആസ്വദിക്കാനാവൂം. തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തോടെ ഈ മേഖലയിലെ ടൂറിസത്തിന്റെ വികസന സാധ്യതകള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: