കല്‍പ്പറ്റ: കാട്ടാനശല്യം തടയുന്നതിന് വയനാട്ടില്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളായ മാതമംഗലത്തും ഓര്ക്കടവിലും തേനീച്ചവേലി സ്ഥാപിക്കുന്നു. ഇതോടെ കാട്ടാനശല്യത്തിന് പരിഹാരം കാണാനാവുമെന്ന ആത്മവിശ്വാസത്തിലാണ് വയനാട്ടിലെ കര്‍ഷകര്‍.
നബാര്‍ഡിന്റെയും വനം വകുപ്പിന്റെയും ധനസഹായത്തോടെ അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയാണ് (ആത്മ) വേലി നിര്‍മിക്കുന്നത്. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഐ.സി.ബാലകൃഷ്ണണന്‍ എം.എല്‍.എ നിര്‍വഹിക്കുമെന്ന് ‘ആത്മ’ വയനാട് പ്രൊജക്ട് ഡയറക്ടര്‍ വി.എസ്.റോയി, ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ.അനില്‍ സക്കറിയ എന്നിവര്‍ അറിയിച്ചു.
ലൂസി കിങ് എന്ന ബ്രിട്ടീഷ് പരിസ്ഥിതി ശാസ്ത്രജ്ഞ ആഫ്രിക്കയില്‍ വിജയകരമായി നടപ്പിലാക്കിയതാണ് തേനീച്ചവേലി പദ്ധതി. കാട്ടാനകള്‍ ഭയപ്പെടുന്ന ജീവികളില്‍ ഒന്നാണ് തേനീച്ച. ഇവയുടെ മൂളല്‍ കേള്‍ക്കുന്നിടത്തേക്ക് കാട്ടാനകള്‍ അടുക്കാറില്ല. ഒരു കിലോമീറ്റര്‍ വരെ തരംഗദൈര്‍ഘ്യം ഉള്ളതാണ് തേനീച്ചകളുടെ ശബ്ദം. പദ്ധതിയെക്കുറിച്ച് അറിഞ്ഞ് വയനാട്ടിലെ കല്‍പ്പറ്റയിലുള്ള ശങ്കരന്‍കുട്ടിയും പുല്പള്ളിയിലെ ബേബി പള്ളിക്കാലായിലും തേനീച്ചവേലി നിര്‍മിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാതമംഗലത്തും ഇതോടുചേര്‍ന്നുള്ള ഓര്ക്കടവിലുമായി നാല് കിലോമീറ്ററില്‍ തേനീച്ചവേലി നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി നബാര്‍ഡ് രണ്ടര ലക്ഷവും വനം വകുപ്പ് ഒന്നര ലക്ഷവും രൂപ അനുവദിച്ചിട്ടുണ്ട്. കരടി ഉള്‍പ്പെടെ വന്യജീവികളിലെ തേന്കൊതിയന്മാര്ക്ക് പിടികിട്ടാത്തവിധം അലുമിനിയം കമ്പിയില്‍ എട്ട് മീറ്റര്‍ ഇടവിട്ട് തേനീച്ചക്കൂട് സ്ഥാപിച്ചാണ് വേലി നിര്‍മിക്കുന്നത്. ഈ കൂടുകളില്‍നിന്നു ലഭിക്കുന്ന തേന്‍ ‘എലിഫന്റ് ഫ്രണ്ട്ലി ഹണി’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്ക്കാന് കര്‍ഷകര്‍ക്ക് അവസരം ഒരുക്കുമെന്നും ‘ആത്മ’ പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: