ന്യൂദല്‍ഹി: രാജ്യത്തിന്റെ അഭിമാനസ്ഥാപനമായ ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തെ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയില്‍ പങ്കാളിയാണ് ഗുജറാത്തിലെ മുന്‍ ഡിജിപി ആര്.ബി.ശ്രീകുമാറെന്ന് ബിജെപി ദേശീയ വക്താവ് ശ്രീമതി മീനാക്ഷി ലേഖി പ്രസ്താവിച്ചു. ഈ ശ്രീകുമാറിനെതിരേ ഈ കേസിലടക്കം ഉണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ച കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനോടുള്ള പ്രത്യുപകാരമായാണ് ഗുജറാത്ത് സര്‍ക്കാരിനെതിരേ ശ്രീകുമാര്‍ നടത്തുന്ന കുപ്രചാരണണങ്ങളെന്നു മീനാക്ഷി ലേഖി വിശദീകരിച്ചു.
ഗുജറാത്ത് സര്‍ക്കാരിനെതിരേ വ്യാജ ഏറ്റുമുട്ടല്‍ കേസെന്ന ആരോപണം ഉന്നയിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ടീസ്റ്റ സെത്തില്വാദിനോട് അടുപ്പമുള്ള ഗുജറാത്തിലെ മുന്‍ ഡിജിപി ആര്.ബി.ശ്രീകുമാര്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പി നാരായണനെതിരേ ചാരന് എന്ന ആരോപണം ഉന്നയിക്കുകയും അദ്ദേഹത്തിനെതിരേ വ്യാജ കേസുണ്ടാക്കുകയും ചെയ്യുന്നതിനു പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇയാള്‍ക്കെതിരേ ദേശതാല്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച നികൃഷ്ടമായ കുറ്റങ്ങള്‍ക്കു പുറമേ മറ്റു പല കേസുകളും യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണു വേണ്ടെന്നു വെച്ചത്, പ്രസ്താവന പറയുന്നു.
1994 കാലത്ത് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡപ്യൂട്ടി ഡയറക്ടറായരുന്ന ശ്രീകുമാറാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നടത്തിയത്. ശ്രീകുമാര്‍ നമ്പി നാരായണനെ ചാരനെന്നു മുദ്ര കുത്തുക മാത്രമല്ല, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
1999-ല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ഐപിഎസ് ഓഫീസര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നു. കുറ്റാരോപിതനായ ആളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചതിനും കേരള പോലീസിനോടു സഹകരിക്കാതെ ചട്ട വിരുദ്ധമായി സമാന്തര അന്വേഷണം നടത്തുകയും ചെയ്തുവെന്നായിരുന്നു കുറ്റം.
ശ്രുമാറിന്റെ സംഘം ചോദ്യം ചെയ്ത രണ്ടു കുറ്റാരോപിതരുടെ, അതിലൊരാള്‍ നമ്പി നാരായണനായിരുന്നു, മൊഴികള്‍ രേഖപ്പെടുത്തിയില്ലെന്നും അതിനു ശേഷം തയ്യാറാക്കിയ മൊഴിരേഖയില് ഒപ്പും തീയതിയും മറ്റും രേഖപ്പെടുത്തിയില്ലെന്നുമായിരുന്നു കുറ്റം. കുറ്റ പത്ര പ്രകാരം, ആ മൊഴികളുടെ സത്യസന്ധത പരിശോധിക്കുന്നതില്‍ കാരണം കുടാതെ അദ്ദേഹം വീഴ്ച വരുത്തിയത് ഐഎസ്ആര്‍ഒയിലെ ബഹുമാനിതരായ ശാസ്ത്രജ്ഞരെ അപമാനിക്കുന്നതായെന്നു പറയുന്നു.
ഐബിയുടെ ജോയിന്റ് ഡയറക്ടറായ മാത്യു ജോണ്‍ അയച്ച സന്ദേശത്തില്‍ പറയുന്നത് കുറ്റാരോപിതനായ ആള് നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യവും അസത്യവും അര്‍ത്ഥ സത്യവും കൂടിക്കലര്‍ന്നതാണെന്ന്. തന്റെ സംഘം നടത്തിയ അന്വേഷണത്തിനിടെ കുറ്റാരോപിതര്‍ നല്കിയ മൊഴികളില്‍ പലതും പരസ്പര ബന്ധമില്ലാത്തതാണെന്ന് ശ്രീകുമാറിന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നിട്ടു പോലും കുറ്റാരോപിതര്‍ നല്കിയ മൊഴികള്‍ ഒത്തുനോക്കാന്‍ ശ്രീകുമാര്‍ തയ്യാറല്ലായിരുന്നു, ബിജെപി പ്രസ്താവന വിശദീകരിക്കുന്നു.
ഇതിന്റെയെല്ലാം തുടക്കം 1994 ല്‍ ചാരവനിതയെന്നു സംശയിച്ച മാലി വനിതയായ മറിയം റഷീദയെ കേരള പോലീസ് അറസ്റ്റ് ചെയ്തതോടെയാണ്. റഷീദയുടെ കുറ്റസമ്മതത്തെത്തുടര്‍ന്ന് റഷ്യന്‍ സ്പേസ് ഏജന്‍സിയായ ഗ്ലാവ്കോസ്മയുടെ ഇന്ത്യന്‍ ഏജന്റ്, കെ.ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തു. റഷീദയുടെ സഹായികളെന്ന നിലയില്‍ വൈകാതെ പോലീസ് ഡോ.നമ്പി നാരായണനെയും ഫൗസിയ ഹസ്സന് എന്ന മാലി വനിതയേയും അറസ്റ്റ് ചെയ്തു.
1994 നവംബറില്‍ അന്നത്തെ കോണ്‍ഗ്രസ് (യുഡിഎഫ്) സര്‍ക്കാര്‍ ഡിഐജി സിബി മാത്യു തലവനായ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ ഡി.ശശികുമാരനെ അഹമ്മദാബാദിലെ ജോലിസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ബാഗ്ലൂര്കാരനായ എസ്.കെ.ശര്‍മയേയും പോലീസ് പിടികൂടി. 1994 ഡിസംബറില്‍ കേസ് സിബിഐക്ക് കൈമാറി, പ്രസ്താവന വിശദീകരിക്കുന്നു. തുടര്‍ന്നു നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും അധികാര മാറ്റവും മറ്റും വിശദീകരിച്ച ലേഖി 2004 ല്‍ രണ്ടാമത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ നാടകീയമായി മാറിയതായി പറയുന്നു. പല കാര്യങ്ങള്‍ക്കും പ്രത്യുപകാരമായി ശ്രീകുമാറിന് സദ്സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കി.
ഒരന്വേഷണവും നടത്താതെ ഒമ്പത് കുറ്റാരോപണങ്ങളില്‍ ഏഴില്‍നിന്നും ശ്രീകുമാറിനെ 2004 ഡിസംബര്‍ 13 ആഭ്യന്തരവകുപ്പ് വിമുക്തനാക്കി. ഒറ്റമാസം കൊണ്ട് ശ്രീകുമാറിനെതിരെയുള്ള ഈ നടപടിക്ക് ഉദ്യോഗസ്ഥനെ നിയോഗിക്കുകയും അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അനുകൂല തീരുമാനമെടുക്കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായി ആര്.ബി.ശ്രീകുമാര്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത നുണയാരോപണങ്ങള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഉണ്ടാക്കാന്‍ തുടങ്ങി. ശ്രീകുമാര്‍ കരാര്‍ പ്രകാരമുള്ള തന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു, ഇന്നും നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നു, പ്രസ്താവന വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: