തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ദേവസ്വംബോര്‍ഡ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ത്ഥാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഭക്തര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ശരാശരി ഒരു ദിവസം സന്നിധാനത്ത് 5 മുതല്‍ 7 ലക്ഷം വരെ ഭക്തര്‍ ഉണ്ടാകും. കേവലം 1500 ടോയ്ലറ്റുകള് മാത്രമാണ് ഇപ്പോഴുള്ളത്. ഇത് ഒട്ടും പര്യാപ്തമല്ല. അടിയന്തിരമായി പമ്പയിലും സന്നിധാനത്തും ഭക്തരുടെ എണ്ണത്തിന് ആനുപാതികമായി താല്‍ക്കാലിക ടോയ്ലറ്റുകള് പണിയണം. ദേവസ്വം ബോര്‍ഡ് കേവലം 10000 പേര്‍ക്കുമാത്രമാണ് ദിവസേന ഭക്ഷണം കൊടുക്കുന്നത്. 20,000 പേര്‍ക്കുമാത്രം വിരിവക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ സന്നിധാനത്തുള്ളത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് യാതൊരു നടപടിയും ദേവസ്വംബോര്‍ഡിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനപാതകള്‍ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല. പമ്പയിലേക്കുള്ള പ്രധാന റോഡായ മണ്ണാറകുളത്തി മുതല്‍ വടശ്ശേരിക്കരവരെയുള്ള റോഡിന്റെ പണി ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. കേവലം 2 മാസം മുമ്പ് മാത്രമാണ് റോഡ് പണികള്‍ തുടങ്ങിയത്. വളരെ നേരത്തെ തന്നെ ഭരണാനുമതി ലഭിച്ചിട്ടും റോഡ് പണികള്‍ വൈകി തുടങ്ങിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഇതിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിജിലന്‍സ് അന്വേഷിക്കണം. സന്നിധാനത്ത് ഉടന്‍ തന്നെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പാര്‍ക്കിംഗ് ഫീസും പിരിവിന്റെ പേരില്‍ ഇത്തവണയും ഭക്തരെ കൊള്ളയടിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ഹൈക്കോടതിവിധിപോലും ദേവസ്വംബോര്‍ഡ് കരാറുകാര്‍ക്കുവേണ്ടി അട്ടിമറിക്കുന്നതായും സുധീര്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗങ്ങളായ സമ്പത്ത്, നിഷാന്ത് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച നേതാക്കളായ മഹേഷ്, സജീവ്, വിഭാഷ്, സതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: