അഞ്ചല്‍: ജീവിക്കാനുള്ള അവകാശത്തിനും മരിച്ചടക്കാന്‍ ആറടിഭൂമിക്കും വേണ്ടിയുള്ള മണ്ണിന്റെ മക്കളുടെ സഹനസമരം ഇനി ദേശീയശ്രദ്ധയിലേക്ക്. സമരത്തിന്റെ വൈവിധ്യത കൊണ്ട് ഭാരതത്തിലെ ഭൂസമരങ്ങളുടെ ചരിത്രത്തെ മാറ്റി എഴുതിയ അരിപ്പാഭൂസമരമാണ് ദേശീയ ശ്രദ്ധയിലേക്ക് ഉയരുന്നത്.
ഭാരതത്തിലെ ഭൂസരമങ്ങളെ ഏകോപിപ്പിക്കുന്ന ഏകതാപരിഷത്ത് അരിപ്പാഭൂസമരത്തിന്റെ ജീവല്‍സ്പന്ദനങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രീകരിച്ച് പുറംലോകത്ത് എത്തിക്കുകയാണ്. ദേശീയതലത്തില്‍ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് 2002 ഒക്ടോബറില്‍ അരലക്ഷം ഭൂരഹിതരുമായി മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നും ദല്‍ഹിയിലേക്ക് ജനസത്യാഗ്രഹയാത്ര നടത്തി ശ്രദ്ധേയമായ പ്രസ്ഥാനമാണ് ഏകതാ പരിഷത്ത്. വിനോബാ ഭാവെയുടെ ഭൂദാന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ജയപ്രകാശ് നാരായണന്റേയും സുബ്ബുറാവുവിന്റേയും അനുയായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കണ്ണൂര്‍ സ്വദേശി പി.വി രാജഗോപാല്‍ ആണ് ഏകതാ പരിഷത്തിനെ നയിച്ചത്.
അരിപ്പാഭൂസമരത്തിന് തുടക്കം മുതല്‍ ഐക്യദാര്‍ദ്ധ്യം പ്രഖ്യാപിച്ച ഏകതാ പരിഷത്ത് സമരത്തിന്റെ മാനുഷിക മുഖം മറാഠാ ചാനലായ ആന്ദോളനിലൂടെ ലോകത്തെ അറിയിക്കാനുള്ള ശ്രമത്തിലാണ്. അരിപ്പാഭൂസമരത്തിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അതിജീവനത്തിനായുള്ള പോരാട്ടം, സമാധാനം നിലനിര്‍ത്തുന്നതിനായുള്ള നിതാന്തജാഗ്രത ഇവ പലഘട്ടത്തിലായി ചിത്രീകരിച്ചുകഴിഞ്ഞു. പതിറ്റാണ്ടുകളായി മനുഷ്യനിറങ്ങാതിരുന്ന ചതുപ്പ് നിലം കഠിനാധ്വാനത്തിലൂടെ കൃഷിയിടമാക്കിയ ദൃശ്യങ്ങള്‍, പാടം ഒരുക്കലും ഞാറ്റുവേലയും കൊയ്ത്തുത്സവവും ഉള്‍പ്പെടെയുള്ള ജീവിത പോരാട്ടങ്ങള്‍ എന്നിവ ചിത്രീകരിക്കാന്‍ ഇവര്‍ സമരഭൂമിയില്‍ എത്തിയിരുന്നു.
സമരക്കാരെ കല്ലെറിഞ്ഞു കൊല്ലാന്‍ തിട്ടൂരമിറക്കിയ സ്ഥലം എംഎല്‍എ മുതലുള്ള പ്രദേശിക നേതൃത്വങ്ങളുടെ കാഴ്ചപ്പാടുകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയുടെ ഭാഗമായി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറുടെ അഭിമുഖത്തിന്റെ റിക്കോര്‍ഡിംഗും സമരഭൂമിയില്‍ നടന്നു.
അതിജീവനത്തിന്റെ രീതിയില്‍ അരിപ്പാഭൂസമരത്തിന് സ്ത്രീപക്ഷ മുഖമുണ്ടെന്നും ബാധ്യതയില്ലാത്ത കൃഷിരീതി സ്ത്രീകള്‍ക്ക് എന്നും ഇണങ്ങുന്നതാണെന്നും ടീച്ചര്‍ അഭിമുഖത്തില്‍ പറഞ്ഞു. ജനകീയാസൂത്രണ രംഗത്ത് കാര്‍ഷിക മേഖലയ്ക്ക് ചെലവാക്കിയ പണം ഉല്പാദന രംഗത്ത് കാണുന്നില്ല. അടിമയും ഉടമയും ഇല്ലാത്ത നല്ല കാലത്തിന്റെ കാഴ്ചയാണ് അരിപ്പാസമരഭൂമിയില് കാണുന്നത്. കേരളത്തിന്റെ മണ്ണില്‍ നിന്ന് സ്ത്രീ അറുത്തുമാറ്റപ്പെട്ട നിലയിലാണ്. സ്ത്രീയുടെ ചിന്ത ഇന്ന് മാറി. മരുമക്കത്തായ സമ്പദായത്തില്‍ സ്ത്രീയായിരുന്നു ജന്മി. സ്ത്രീയെ വീട്ടമ്മ എന്ന നിലയില്‍ നിന്ന് വെറും ഭാര്യ എന്ന നിലയിലേക്ക് മാറ്റിയതാണ് കേരളത്തിന്റെ ദുര്യോഗമെന്നും ടീച്ചര്‍ ആന്ദോളന് ടിവിയോട് പറഞ്ഞു. അടിസ്ഥാന വര്ഗജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യമാണ് കൃഷിചെയ്യാനുള്ള ഭൂമിക്ക് വേണ്ടിയുള്ളതെന്ന് ബോധ്യപ്പെടുത്താനാണ് ഈ ഡോക്യുമെന്ററിക്ക് പിന്നിലുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കാട് കിളച്ച് കൃഷിയിടമാക്കി മണ്ണില്‍ പൊന്നുവിളയിച്ച മണ്ണിന്റെ മക്കളെ അവഗണിച്ച് മണ്ണിനെ പണമാക്കാന്‍ വെമ്പുന്ന പുത്തന്‍ വരേണ്യ വര്‍ഗത്തിന്റെ ദുഷ്ചെയ്തികളെ തുറന്നു കാട്ടിയാണ് ഏകതാ പരിഷത്തിന്റെ ക്യാമറ നീങ്ങുന്നത്.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: