കൊച്ചി: ആരോഗ്യ ജീവിതത്തിന് വിഷവിമുക്തമെന്ന സന്ദേശവുമായി നടന് ശ്രീനിവാസന് നടത്തുന്ന നെല്‍കൃഷിയുടെ ഞാറ്റുവേല നടന്നു. ഇന്നലെ വിശാഖം ഞാറ്റുവേല മുഹൂര്‍ത്തത്തില്‍ ശ്രീനിവാസനാണ് ഞാറ് നട്ടത്. പ്രകൃതി കൃഷി പ്രചാരകന് കെ.എം.ഹിലാലും, പി.കെ.പ്രകാശനും നാട്ടുകാരും ശ്രീനിവാസനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷവും നടത്തിയ കൃഷി വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് ശ്രീനിവാസനും കുടുംബവും. രാസവളവും, ജൈവവളവും പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രകൃതി കൃഷിക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സുഭാഷ്പലേക്കര് മോഡല്‍ പ്രകൃതി കൃഷിരീതിയുടെ വിജയമാണ് ഇത്തവണയും കൃഷിയിറക്കാന്‍ ശ്രീനിവാസനെ പ്രേരിപ്പിച്ചത്.
പത്ത് ദിവസം മുമ്പ് തന്നെ നടീലിനുള്ള ഞാറ്റടി തയ്യാറാക്കിയിരുന്നു. യന്ത്രം ഉപയോഗിച്ചുള്ള നടീലായതുകൊണ്ടു തന്നെ ട്രേകളിലാണ് ഞാറ് പാകിയിരുന്നത്. യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി ചിലവ് കുറക്കുമത്രെ.
രണ്ടേക്കര്‍ പാടത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. ശുദ്ധവായു, ശുദ്ധജലം, ശുദ്ധഭക്ഷണം ഇവയാണ് ആരോഗ്യ ജീവിതത്തിന് നിദാനമെന്നും, അതിനായി വിഷമുക്ത പ്രകൃതി കൃഷി അനുവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: