റായ്പൂര്‍: മൂന്നാം വട്ടവും സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡോ. രമണ്‍സിംഗ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനം പിന്തുണ നല്‍കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. നിയമസഭാ തെരഞ്ഞെടു പ്രചാരണ പരിപാടിക്കിടെ ‘ജന്മഭൂമി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് കാണാനാവുന്ന തരത്തിലുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനായി. അതുകൊണ്ടുതന്നെ തികഞ്ഞ സംതൃപ്തിയോടെയും ആത്മവിശ്വാസത്തോടെയുമാണ് മൂന്നാംവട്ടവും തെരഞ്ഞെടുപ്പിനെ നേരിടുന്നത്, അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ പ്രയോജനം സംസ്ഥാനത്തെ 26 മില്യണ്‍ ജനങ്ങള്‍ക്കും എത്തണമെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്. പൊതുവിതരണ സമ്പ്രദായത്തില്‍ വരുത്തിയ സമഗ്രമായ അഴിച്ചുപണിയാണ് ഏറ്റവും പ്രധാന ഭരണനേട്ടമായി എടുത്തുപറയാനുള്ളത്. ലോകത്തിനു തന്നെ മാതൃകയായ രീതിയില്‍ പിഡിഎസ് സംവിധാനത്തെ പരിഷ്ക്കരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു, മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ തടിച്ചുകൂടുന്ന ജനങ്ങളുടെ എണ്ണം തന്നെയാണ് ബിജെപി സര്‍ക്കാരിനെ അവര്‍ അംഗീകരിക്കുന്നു എന്നതിന്റെ തെളിവ്. ജനങ്ങളുടെ പ്രതികരണം വളരെ അനുകൂലമാണ്. അതേസമയം ജനങ്ങളുടെ മനസ്സില്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ഭരണത്തോടുള്ള എതിര്പ്പ്അതിശക്തമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്താകും ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ്. 2014 ല്‍ ലോക്സഭയിലേക്കു നടക്കുന്ന ഫൈനലിന് മുമ്പുള്ള സെമിഫൈനല്‍ ആണ് ഛത്തീസ്ഗഢില്‍ നടക്കുന്നത്, രമണ്‍സിംഗ് പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന വാദം തെറ്റാണെന്നും വനമേഖലയില്‍ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങളെത്തിച്ചു തുടങ്ങിയതോടെ മാവോയിസത്തില്‍ ജനങ്ങളുടെ താല്‍പ്പര്യം കുറഞ്ഞുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥികളുടെ ആസ്തിയിലുള്ള വര്‍ദ്ധനവ് സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഭാഗമായുണ്ടായതാണ്. ഭൂമി വിലയിലുണ്ടായ വലിയ ഉയര്‍ച്ചയാണ് ആസ്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അല്ലാതെ അഴിമതി നടത്തി ആരും പണം സമ്പാദിച്ചിട്ടില്ല.
മൂന്നാം തവണയും ജനവിധി തേടുന്നത് സംസ്ഥാനത്തെ ജനങ്ങളില്‍ ബിജെപി ഭരണത്തിന് കീഴിലുള്ള വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്, മുഖ്യമന്ത്രി പറഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: