പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ വ്യവസായിയായ ശ്രീധരന്‍നായര്‍ വാദിയായ കേസിലെ കുറ്റപത്രം പുറത്തായി. പത്തനംതിട്ട ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ നല്കിയ കുറ്റപത്രമാണ് പുറത്തായത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കേസില്‍ ഉള്‍പ്പെടാതിരിക്കാനായി ബോധപൂര്‍വ്വം തയ്യാറാക്കിയതാണ് കുറ്റപത്രം എന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ശ്രീധരന്‍നായര്‍ സരിതയുമൊത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. വകുപ്പു 164 പ്രകാരം ശ്രീധരന്‍നായര്‍ റാന്നി കോടതിയില്‍ നല്കിയ മൊഴിയെ അവഗണിച്ചാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും ഇതോടെ വ്യക്തമായി.
40 ലക്ഷം രൂപാ തട്ടിയെടുത്ത കേസില്‍ സരിത എസ്.നായര്‍ , ബിജു രാധാകൃഷ്ണന്, ടെന്നി ജോപ്പന് എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരേ ആള്‍മാറാട്ടം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ കേരളത്തെ പിടിച്ചുകുലുക്കിയ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന നടന്നതായി കുറ്റപത്രത്തിലൊരിടത്തും പറയുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെപ്പറ്റി കുറ്റപത്രത്തില്‍ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ശ്രീധരന്‍നായര്‍ ജോപ്പനെ കണ്ടതായും പണം, ഉപഹാരം, എന്നിവ ജോപ്പന് കൈപ്പറ്റിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യം പുറത്തായ ശേഷം ലഭിച്ച പാരിതോഷികവും പണവും മാറ്റി തെളിവുനശിപ്പിച്ചതായും പറയുന്നു. ടെന്നി ജോപ്പന് പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്നു. എന്നാല്‍ ഈ വിവരം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ പുറത്തുപറയാതിരിക്കാന്‍ ജോപ്പന് പ്രവര്‍ത്തിക്കുകയും ചെയ്തു. ശ്രീധരന്‍നായര്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് ഇതില്‍ നല്‍കിയിരിക്കുന്ന സൂചന.
കേസിലെ പ്രതികളായ സരിതയും ബിജുവും ജോപ്പനും ചേര്‍ന്ന് ശ്രീധരന്‍നായരുടെ പക്കല്‍ നിന്നും 25 ലക്ഷം രൂപാ വാങ്ങിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ നേരിട്ടുകണ്ടതിന്റെ വിശ്വാസത്തിലാണ് 15 ലക്ഷം രൂപാകൂടി അദ്ദേഹം ടീം സോളാറിന് നല്‍കിയത്. ശ്രീധരന്‍നായരില്‍ കൂടുതല്‍ വിശ്വാസം ജനിപ്പിക്കുന്നതിനായാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി ജോപ്പനെ നേരിട്ട് പരിചയപ്പെടുത്തിയത്. എന്നാല്‍ ശ്രീധരന്‍നായര്‍ മുമ്പ് വെളിപ്പെടുത്തിയ ഇക്കാര്യം അന്വേഷകസംഘം പരിഗണിച്ചിട്ടില്ല. കേസില്‍ മുഖ്യമന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതു സംബന്ധിച്ചും കുറ്റപത്രത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സരിതയും ശ്രീധരന്‍നായരും മുഖ്യമന്ത്രിയെ കാണാനെത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന എംഎല്‍എ ശെല്‍വരാജിനേയും സാക്ഷിപ്പട്ടികയില്പെടുത്തിയിട്ടില്ല. ഇക്കാര്യം ശ്രീധരന്‍നായര്‍ കോടതിയില്‍ നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പാലക്കാട് കിന്‍ഫ്രപാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിച്ചതായും ശ്രീധരന്‍നായര്‍ റാന്നി കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇതിന് വേണ്ട സഹായസഹകരണങ്ങള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ഇതില്‍ വ്യക്തമാക്കുന്നു. ഇതോടെ സോളാര്‍ തട്ടിപ്പുകേസ് സംബന്ധിച്ച് വാദി നല്കിയ മൊഴിയെ കാറ്റില്‍പ്പറത്തി സംരക്ഷണം ലഭിക്കേണ്ടവരെ പരിരക്ഷിച്ചാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് ഉറപ്പായി. കുറ്റപത്രത്തിലെ ഈ അവഗണന മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും പ്രതിചേര്‍ക്കുന്നത് ഒഴിവാക്കാനായിരുന്നുവെന്നും വ്യക്തം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പി ബി.പ്രസന്നന്‍നായര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ ഉപഭോക്താക്കളെ ചതിച്ചും, വഞ്ചിച്ചും, വിശ്വാസവഞ്ചന നടത്തിയും അന്യായമായ ലാഭം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് എന്ന സ്ഥാപനം ആരംഭിച്ചത്. പാലക്കാട് കിന്‍ഫ്രാ പാര്‍ക്കിലെ ഒരു ജൂനിയര്‍ മാനേജരുടെ പക്കല്‍ നിന്നും സരിത എസ്.നായര്‍ കൈക്കലാക്കിയ ലേ-ഔട്ട് സൈറ്റ് പ്ലാനിന്റെ കോപ്പി നിര്‍ദ്ദിഷ്ട സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ളതിന്റേതാണെന്ന് ശ്രീധരന്‍നായരെ വിശ്വസിപ്പിക്കുകയായിരുന്നു. കിന്‍ഫ്രയിലെ ജൂനിയര്‍ മാനേജര്‍ കേസില്‍ പതിനഞ്ചാം സാക്ഷിയാണ്. കേസില്‍ 39 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെ ഒന്‍പത് തൊണ്ടിമുതലുകളും 97 രേഖകളും തെളിവിനായി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ജി.സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: