ന്യൂദല്‍ഹി: സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ്, സ്ഥാനക്കയറ്റം , സ്ഥലംമാറ്റം എന്നിവ തീരുമാനിക്കുന്നതിനു ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സിവില്‍ സര്‍വ്വീസ് ബോര്‍ഡുകള്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതി. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ അടിക്കടിയുണ്ടാകുന്ന സ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കാന്‍ ഒരു നിശ്ചിത കാലാവധി ഒരു പദവിയില്‍ സേവനമനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണം. ഒരു പദവിയില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെന്ന രീതിയാണ് അഭികാമ്യമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെതാണ് ഉത്തരവ്.
പാര്‍ലമെന്റില്‍ ഇതിനായി ബില്‍ കൊണ്ടുവരണമെന്നാണ് കോടതി നിര്‍ദ്ദേശം . കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലും സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുമാണ് ബോര്‍ഡ് രൂപീകരിക്കേണ്ടത്. സാങ്കേതിക വിദഗ്ധരും മാനേജ്മെന്റ് വിദഗ്ധരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കണം. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സം രാഷ്ട്രീയ ഇടപെടലാണെന്നും കോടതി നിരീക്ഷിച്ചു.
നിയമനം ,സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങളും ബോര്‍ഡിന്റെ പരിഗണനക്ക് വിടണം. മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര് സുബ്രഹ്മണ്യന് ഉള്‍പ്പെടെ 83 മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. രാജ്യത്തെ സിവില്‍ സര്‍വ്വീസ് മേഖലയുടെ പരിഷ്കരണത്തിന് കോടതി വിധി സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.
രാഷ്ട്രീയ നേതാക്കന്മാരുടെ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കരുതെന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. മൂന്ന് മാസത്തിനകം രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: