കൊല്ലം: പ്രസിഡന്റ്സ് ട്രോഫിയുടെ സംഘാടകന്‍ എന്ന നിലയിലാണ് ശ്വേതാ മേനോനോട് മാപ്പ് പറഞ്ഞതെന്ന് പീതാംബര കുറുപ്പ് എം.പി പറഞ്ഞു. വ്യക്തിപരമായി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനപൂര്‍വ്വം ഒരു തെറ്റും ചെയ്തിട്ടില്ല. രാഷ്ട്രീയക്കാരന് എന്ന നിലയില്‍ തന്നോട് പലര്‍ക്കും പകയുണ്ടാകാം. എന്നാല്‍ തന്നോട് ഈവിധം പെരുമാറിയതിന് ആരോടും പകയില്ലെന്നും പീതാംബരക്കുറുപ്പ് എംപി വിശദീകരിച്ചു.
തനിക്കെതിരായ പരാതി പിന്‍വലിച്ചതില്‍ ശ്വേതാ മേനോട് നന്ദിയുണ്ടെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. ശ്വേതാ മേനോനുമായി മുന്‍ പരിചയമോ വ്യക്തിവിരോധമോ ഇല്ല. കൊല്ലത്ത് അവര്‍ക്കു മോശം അനുഭവം ഉണ്ടായെങ്കില്‍ സംഘാടകന്‍ എന്ന നിലയിലാണ് മാപ്പു പറഞ്ഞത്. സൗമ്യമല്ലാത്ത ഒരു വാക്കോ പ്രവൃത്തിയോ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകാറില്ല. മന:പൂര്‍വം ഒരു വൃത്തികേടും ചെയ്യാറുമില്ല. തന്നെ തെറ്റിദ്ധരിച്ചില്ല എന്നതില്‍ സന്തോഷം തോന്നുന്നുവെന്നും കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിസന്ധിയില്‍ തനിക്കൊപ്പം നിന്ന പൊതുസമൂഹത്തോട് നന്ദിയുണ്ടെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. തന്റെ സ്പര്‍ശനമോ ദര്‍ശനമോ അരോചകമായി തോന്നിയെങ്കില്‍ നിര്‍വ്യാജം പൊറുക്കണമെന്നായിരുന്നു ഇന്നലെ പീതാംബരക്കുറുപ്പിന്റെ പ്രതികരണം. പീതാംബരക്കുറുപ്പ് വ്യക്തിപരമായും പരസ്യമായും ഖേദം പ്രകടിപ്പിച്ചതിനാല്‍ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് ശ്വേതാ മേനോനും വ്യക്തമാക്കി. താന്‍ ക്ഷമ ചോദിച്ചതിന്റെ സാഹചര്യമാണ് പീതാംബരക്കുറുപ്പ് ഇന്ന് വിശദീകരിച്ചത്.
അതേസമയം ശ്വേതയുടെ വൈകി വന്ന ബുദ്ധിക്ക് നന്ദിയെന്ന് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന് പറഞ്ഞു. കേസുമായി മുന്നോട്ടുപോയാല്‍ തെളിയിക്കാന്‍ ശ്വേതയ്ക്ക് കഴിയുമായിരുന്നില്ല. വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രതാപവര്‍മ തമ്പാന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: