ന്യൂദല്‍ഹി: ബിജെപി നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച നോട്ടീസിന് മറുപടി നല്കാന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു. ഒരാഴ്ച കൂടി സമയം വേണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാഹുലിന് മറുപടി നല്കാന് കമ്മീഷന് അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അദ്ദേഹം കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടത്. ഉത്സവ സീസണ് ആയതിനാല്‍ രാഹുല്‍ തിരക്കിലാണെന്നും മറുപടി തയാറാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് രാഹുലിന്റെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. മുസാഫര്‍ നഗര്‍ കലാപത്തിന് ഇരകളായ യുവാക്കളെ പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ സമീപിച്ചതായി തനിക്ക് അറിവു കിട്ടിയിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാഹുലിന്റെ പരാമര്‍ശം പെരുമാറ്റച്ചട്ടത്തിന് ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. തുടര്‍ന്ന് കമ്മിഷന് രാഹുലിന് നോട്ടീസ് അയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: