കൊച്ചി: കൊല്ലത്ത് അപമാനിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താന്‍ പരാതിപ്പെട്ടിട്ടില്ലെന്ന ജില്ലാ കളക്ടറുടെ പ്രതികരണം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടി ശ്വേതാ മേനോന്. താന്‍ എല്ലാ കാര്യങ്ങളും ഇന്നലെ തന്നെ കളക്ടറോട് പറഞ്ഞിരുന്നു. നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് കളക്ടര്‍ പറയുകയും ചെയ്തു.
എന്നാല്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കളക്ടര്‍ നിലപാട് മാറ്റിയത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ശ്വേത പ്രതികരിച്ചു. സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും ശ്വേത പറഞ്ഞു. ദൃശ്യങ്ങളില്‍ നിന്നും തന്നെ ആരാണ് ഉപദ്രവിത്തതെന്ന് വ്യക്തമാണെന്നും നടി പ്രതികരിച്ചു. സംഭവ സ്ഥലത്ത് വച്ച് എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നാണ് ഏവരും ചോദിക്കുന്നത്.
വലിയ ഒരു മേളയുടെ പ്രാധാന്യ നഷ്ടപ്പെടുത്തേണ്ട എന്ന് കരുതിയാണ് സംഭസ്ഥലത്ത് പ്രതികരിക്കാതിരുന്നത്. സ്ത്രീയെന്ന നിലയില്‍ ഇന്നലെ അത്യധികം അപമാനിക്കപ്പെട്ടതായി തോന്നിയെന്നും താരസംഘടനയായ അമ്മയുമായി ആലോചിച്ച് രേഖാമൂലം പരാതി നല്കുന്ന കാര്യം തീരുമാനിക്കുമെന്നും ശ്വേത പറഞ്ഞു. വികാരാധീനയായാണ് ശ്വേത ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം ശ്വേതക്കെതിരായ അപമാന ശ്രമത്തിനെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷന് പറഞ്ഞതിന് പുറമേ വിവിധ സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ശ്വേതയ്ക്കെതിരെയുണ്ടായ സംഭവം കേരളത്തിന് അപമാനകരമാണെന്ന് ടി .എന്‍ .സീമ എംപി പ്രതികരിച്ചു.
ശ്വേത അപമാനിക്കപ്പെട്ടെങ്കില്‍ നിയമ പരമായ നടപടി വേണമെന്ന് ഷാനി മോള് ഉസ്മാന് പ്രതികരിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം പ്രസ് ക്ലബ് മൈതാനിയില്‍ പീതാംബരക്കുറുപ്പിന്റെ കോലം കത്തിക്കലടക്കമുള്ള പ്രതിഷേധ പ്രകടനമാണ് ഡിവൈഎഫ്ഐ നടത്തുന്നത്.
സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ശ്വേതാ മേനോനും കലാഭവന്‍ മണിയുമടക്കമുള്ള വിഐപി കളെ കൊല്ലം അഷ്ടമുടിക്കായലില്‍ ജന ലക്ഷങ്ങള്‍ പങ്കെടുത്ത പ്രസിഡന്‍സി ട്രോഫി വള്ളം കളി മത്സരത്തില്‍ വിശിഷ്ടാതിഥികളായി ക്ഷണിച്ചു വരുത്തിയത് എന്നതും വ്യാപക പ്രതിഷേധത്തിനിടയാക്കി .
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രശ്നം രാഷ്ട്രീയമായി വളര്‍ന്നു. കുറുപ്പിന്റേത് നീചമായ പ്രവൃത്തിയെന്നാണ് വിഎസ് പത്ര സമ്മേളനത്തില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മറുപടി പറയണമെന്നു കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: