പാലക്കാട്: വിവാദമായ കടകംപള്ളി ഭൂമി തട്ടിപ്പില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും പങ്ക് തെളിയിക്കുന്ന രേഖകള്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തു വിട്ടു. എം.എല്‍.എയും ബന്ധുക്കളും ചേര്‍ന്ന് ഒമ്പത് പേരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പതിമൂന്ന് ഏക്കറോളം ഭൂമി വ്യാജ പ്രമാണം ഉണ്ടാക്കി തട്ടിയെടുത്തതിന്റെ രേഖകളാണ് പുറത്തായത്.
കഹാറിന്റെ ഭാര്യാ മാതാവ് സല്‍മാ ബീവിക്കും അടുത്ത ബന്ധുക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന അസല്‍ ആധാരത്തിന്റെയും കരാര്‍ രജിസ്ട്രേഷന്റെയും രേഖകള്‍ സുരേന്ദ്രന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. നിയമപ്രകാരം തിരുവനന്തപുരം കിഴക്കേക്കോട്ട സബ്രജിസ്ട്രാര്‍ ഓഫീസില്‍ നടക്കേണ്ട രജിസ്ട്രേഷന് കരകുളം സബ്രജിസ്ട്രാറെ കഹാറിന്റെ ഭാര്യ വീട്ടില്‍ എത്തിച്ച് നടത്തിക്കുകയായിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിക്കും രജിസ്ട്രേഷന് മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഭൂമി തട്ടിപ്പില്‍ കഹാറിന് പങ്കുണ്ടെന്ന് വ്യക്തമായി അറിയാമെന്നും സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായതെന്നും സുരേന്ദ്രന് വ്യക്തമാക്കി. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്തും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: