കൊല്ലം: കൊല്ലത്ത് വള്ളംകളിക്കിടെ പീതാംബരക്കുറുപ്പ് അപമാനിച്ചെന്ന പരാതി നാടകീയമായി പിന്‍വലിച്ച നടി ശ്വേതാ മേനോന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ശ്വേതയുടെ കൊച്ചിയിലെ ഫ്ളാറ്റിലെത്തിയായിരിക്കും മൊഴി രേഖപ്പെടുത്തുക. പരാതി പിന്‍വലിച്ച സാഹചര്യത്തിലാണ് ശ്വേതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്.
സംഭവത്തില്‍ നേരത്തെ കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റ്ട്രേറ്റ് കോടതിയില്‍ പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് കോടതിയിലെത്തി മൊഴി നല്‍കണമെന്ന് കാണിച്ച് ശ്വേതയ്ക്ക് സമന്‍സ് അയക്കും.
ശ്വേതയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസത്തിനകം കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പീതാംബരക്കുറുപ്പ് എംപിക്കെതിരെ പരാതി ശ്വേത കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
കുറുപ്പിന്റെ പ്രായത്തെ മാനിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്ന് ശ്വേതച വ്യക്തമാക്കി. വ്യക്തിപരമായും പരസ്യമായും പീതാംബരക്കുറുപ്പ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് പരാതി പിന്‍വലിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്ക് അയച്ച ഇമെയിലില്‍ ശ്വേത പറയുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് ശ്വേതയുടെ മൊഴി രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംപിക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഥമവിവര റിപ്പോര്‍ട്ട് മജിസ്ട്രേറ്റിനു കൈമാറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: