കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലമേളയ്ക്കിടെ നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ കൊല്ലം എം.പി എന്‍.പീതാംബരക്കുറുപ്പിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം ഈസ്റ്റ് പോലീസാണു സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനു കേസെടുത്തത്. തന്നെ അപമാനിച്ചവരില് ഒരാള്‍ പീതാംബരക്കുറുപ്പാണെന്ന് ശ്വേത നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കൊല്ലം പോലീസ് കേസെടുത്തത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ശ്വേത പീതാംബരക്കുറുപ്പിനെതിരെ നല്കിയ പരാതി പിന്‍വലിച്ചു. ശ്വേതക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നതാണ് പരാതി പിന്‍വലിക്കാന്‍ കാരണം.
ഐപിസിയിലെ 354, 354(എ), പൊലീസ് ആക്റ്റിലെ വകുപ്പ് 119 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കേസെടുത്ത സാഹചര്യത്തില്‍ പീതാംബരക്കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തും. ശ്വേതാ മേനോന് മജിസ്ട്രേട്ടിന് മുന്നില്‍ മൊഴിയും നല്‍കേണ്ടി വരും. സംഭവത്തില്‍ കൂടുതല്‍ സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി പോലീസ് സ്വീകരിക്കുകയും ചെയ്യും.ഡിവൈഎഫ്ഐയുടെയും അയിഷ പോറ്റി എംഎല്‍എയുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിസിലി, എസ്.ഐ. ഗോപകുമാര്‍ എന്നിവര്‍ എറണാകുളം എളമക്കരയിലെ ശ്വേതയുടെ ഫളാറ്റിലെത്തി മൊഴിയെടുത്തു. കുറുപ്പിനെ കൂടാതെ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും ശ്വേത മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയെടുക്കല്‍ ഒന്നരമണിക്കൂര്‍ നീണ്ടു. ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്നും ശ്വേത പറഞ്ഞു. മൊഴി നല്കിയ ശേഷം പരിപാടിയില്‍ പങ്കെടുക്കാനായി ശ്വേത ബംഗളുരുവിലേക്കു പോയി. അവിടെനിന്നാണ് താന്‍ പരാതി നല്‍കില്ലെന്ന് പ്രസ്താവിച്ചത്. വീട്ടുകാരുമായി നടത്തിയ കൂടിയാലോചനക്കു ശേഷമാണ് തീരുമാനമെന്നവര്അറിയിച്ചു.
താന്‍ അപമാനിക്കപ്പെട്ടതായി വേദിയില്‍വച്ചു തന്നെ കളക്റ്ററോടു പറഞ്ഞിട്ടും നടപടിയെടുക്കാതിരിക്കുകയും പിന്നീടു ചാനലുകളില്‍ മാറ്റിപ്പറയുകയും ചെയ്തതാണു ശ്വേതയെക്കൊണ്ടു പീതാംബരക്കുറുപ്പ് എംപിക്കെതിരെ പരാതി കൊടുക്കാന്‍ നിര്‍ബന്ധിതമാക്കിയത്. താന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നാണ് ശ്വേത കൊച്ചി എളമക്കരയിലെ വീട്ടില്‍ മാധ്യമങ്ങളോടു പറഞ്ഞത്. താരസംഘടനയായ അമ്മയുടെ പിന്തുണയും ശ്വേതയ്ക്കുണ്ട്. അമ്മയുമായി കൂടിയാലോചിച്ച ശേഷമാണ് അവര്‍ പരാതി നല്കാന് തീരുമാനിച്ചത്.
കൊല്ലത്തെ പൊതുപരിപാടിക്കിടെ തന്നെ അപമാനിച്ചത് എന്‍.പീതാംബര കുറുപ്പ് എംപിയും കണ്ടാലറിയാവുന്ന മറ്റൊരാളുമാണെന്ന് നടി ശ്വേതാമേനോന് ഇന്നലെ പോലീസിന് മൊഴി നല്‍കിയിരുന്നു. കൊല്ലം ഈസ്റ്റ് വനിത സിഐ സിസിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ 9.30 ഓടെ ശ്വേതാമേനോന്റെ കൊച്ചിയിലെ വസതിയില്‍ എത്തി മൊഴി രേഖപ്പെടുത്തിയത്.
കൊല്ലം കളക്ടര്‍ ബി.മോഹനന് ക്ഷണിച്ചിട്ടാണ് താന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ പോയത്. കാറില്‍നിന്ന് ഇറങ്ങിയത് മുതല്‍ തനിക്ക് അപമാനം ഏല്ക്കേണ്ടിവന്നു.
രണ്ട് പ്രാവശ്യം താന്‍ എംപിയോട് ദേഷ്യപ്പെട്ടുവെന്നും ശ്വേത പോലീസിനോട് പറഞ്ഞു. ഇക്കാര്യം കളക്ടറോട് പരാതിപ്പെട്ടിരുന്നതാണ്. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് കളക്ടര്പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: