ന്യൂദല്‍ഹി: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന പത്ത് ശതമാനം സ്ഥാനാര്‍ത്ഥികളുടെ പേരിലും ക്രിമിനല്‍ കേസ്. സ്ഥാനാര്‍ത്ഥികളെ വിലയിരുത്തുന്ന അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക്ക് റീഫോര്ംസ്(എഡിആര്‍)എന്ന സംഘടനയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇതില്‍ ആറ് സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളാണുള്ളത്. 143 സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് എഡിആര്‍ പറയുന്നു. ഇതില്‍ 10 ശതമാനം പേര് മാത്രമാണ് ഇലക്ഷന് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍കേസ് ഉണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ ഛത്തീസ്ഗഢ് സ്വാഭിമാന്‍ മോര്‍ച്ച(സിഎസ്എം)യിലാണ്. അഞ്ച് ക്രിമിനല്‍ കേസുകളാണ് സിഎസ്എം സ്ഥാനാര്‍ത്ഥി രാജേഷ് ഗുപ്തക്കുള്ളത്. ഇതേ പാര്‍ട്ടിയിലെ തന്നെ ജനിസാര് അക്താര്‍ രണ്ടാം സ്ഥാനത്താണ്. ഇദ്ദേഹത്തിന് നാല് കേസുകളാണ് നിലവില്‍ ഉള്ളത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ നസ്റുല്‍ ഇസ്ലാം ഖാനും നാല് ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ള സ്ഥാനാര്‍ത്ഥികള്‍ പ്രാദേശിക കക്ഷികളാണെന്നത് ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെ 40 സ്ഥാനാര്‍ത്ഥികളാണ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സാണ് ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ ഒന്നാം സ്ഥാനത്ത് . ഇത്തരത്തില്‍ കേസുള്ള നാല് സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഛത്തീസ്ഗഢില്‍ മത്സരിക്കുന്നത്. സിഎസ്എം ക്രിമിനല്‍ കേസുള്ള അഞ്ച് സ്ഥാനാര്‍ത്ഥികളേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൂന്ന് പേരെയും ബിഎസ്പി എട്ട് പേരെയുമാണ് സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നത്. 25 കോടിപതികളാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഗോദയിലേക്ക് ഇറങ്ങുന്നത്.
ഇതില്‍ കോട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാശി സാഹുവും ഉള്‍പ്പെടുന്നു. ആറ് കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിയായി തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടിപതികളായ സ്ഥാനര്‍ത്ഥികളില്‍ 11 ശതമാനം പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 38 ശതമാനം സ്ഥാനാര്‍ത്ഥികളും ബിരുധധാരികളോ അതില്‍ കൂടുതല്‍ വിദ്യാഭാസമുള്ളവരോ ആണ്. 40 ശതമാനം പേരും അവരുടെ പാന്‍കാര്‍ഡ് നമ്പര്‍ വെളുപ്പെടുത്തിയിട്ടില്ലായെന്നത് രസകരമാണ്. 37 സ്ഥാനാര്‍ത്ഥികള്‍ ഇന്‍കം ടാക്സ് റിട്ടേണ്‍സ് അടക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: