പെരുമ്പാവൂര്‍: കുറുപ്പംപടി പോലീസിനെ വ്യാജസന്ദേശം നല്കി വിളിച്ചുവരുത്തി ആക്രമിച്ചു. പോലീസ് ജീപ്പ്പിന്റെ ഇരുവശത്തും പടത വലിച്ച് കീറി. ഒരു എസ്ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു . സംഭവത്തില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസ് നേതാവടക്കം 30 പേര്‍ക്കെതിരെ കേസെടുത്തു.
ഞായറാഴ്ച രാത്രി 9.45ന് കുറുപ്പംപടി എസ്ഐ ശശീന്ദ്രന്റെ മൊബെയില്‍ ഫോണില്‍ വായ്ക്കരയില്‍ ആളുകള്‍ മദ്യപിച്ച് ബഹളം വകുന്നു എന്ന് സന്ദേശം എത്തിയതിനെ തുടര്‍ന്നാണ് ഗ്രേഡ് എസ്ഐ അശോകന്റെ നേതൃത്വത്തില്‍ പോലീസെത്തിയത്. വായ്ക്കര ജറുസലേം പള്ളിക്ക് സമീപമെത്തിയപ്പോള്‍ പഞ്ചായത്തംഗം ബെയ്സ് പോളിന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ജീപ്പ്പ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
ജീപ്പ്പ് തടഞ്ഞശേഷം ജീപ്പ്പിന്റെ താക്കോല്‍ സംഘം ഊരിയെടുത്തു. പിന്നീട് എസ്ഐയെയും കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ജയന്, കോണ്‍സ്റ്റബിള്‍ എല്‍ദോസ് എന്നിവരെ ജീപ്പ്പില്‍ നിന്ന് വലിച്ചിറക്കിയതായും എസ്ഐ അശോകന് പറഞ്ഞു. മറ്റേ എസ്ഐ എന്ത്യേടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും പോലീസ് പറഞ്ഞു. ജീപ്പ്പിന്റെ ഇരുവശങ്ങളിലെയും പടത അക്രമികള്‍ വലിച്ച് കീറുകയും ചെയ്തു. പോലീസിനെ വിവരമറിയിച്ച മൊബെയില്‍ നമ്പര്‍ ഇപ്പോഴും സ്വിച്ച് ഓഫ് ആണെന്നും പോലീസ് പറയുന്നു. സംഭവം നടന്ന സ്ഥലത്തിനടുത്ത് ഒരു മുറിയില്‍ പണം വച്ച് ചീട്ടുകളിച്ച സംഘത്തെ കഴിഞ്ഞ ദിവസം കുറുപ്പംപടി എസ്ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് 5500 രൂപയും പോലീസ് പിടിച്ചെടുത്തു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നത് കുറുപ്പംപടി പോലീസ് ശക്തമാക്കിയിരുന്നു. ആക്രമി സംഘത്തിലെ പലരെയും ഇക്കാര്യത്തില്‍ പിടികൂടിയതിന്റെ വൈരാഗ്യത്തിലാണ് പോലീസിനെ കരുതികൂട്ടി ആക്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും, പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ ബെയ്സ് പോള്‍ മുങ്ങിയിരികകുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പായതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി ഉന്നത തലങ്ങളില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും സംസാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: