കൊച്ചി: മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് കവിതാപിള്ള തട്ടിയത് 2.78 കോടി രൂപ. കസ്റ്റഡിയില്‍ വാങ്ങിയ കവിതാപിള്ളയെ ഇന്നലെ സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്കി പണം വാങ്ങിയതിന്റെ പേരില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ്സ്റ്റേഷനില്‍ 8 കേസുകളും കൊല്ലം പാരിപ്പിള്ളിയില്‍ ഒരു കേസും പാലക്കാട് ഒരു കേസും ഉള്‍പ്പെടെ 10 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മെഡിക്കല്‍ സീറ്റുകള്‍ ഒഴിവുണ്ടെന്ന് കാണിച്ച് കവിതയുടെ ഏജന്റുമാരായ ഹരികൃഷ്ണന്, അലന് ഫിലിപ്പ്, റാഷ് ലാല്‍, ഷിബു എന്നിവര്‍ എകെഎസ് കേരള എന്ന സ്ഥാപനത്തിന്റെ പേരില്‍ 2013 മെയ് 24-ാം തീയതിയിലെ മലയാള ദിനപത്രത്തില്‍ ഒരു പരസ്യം കൊടുത്ത് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും എറണാകുളത്തെ കവിത ജി. പിള്ളയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു.
ഏജന്റുമാര്‍ മുഖേനയാണ് കവിത ജി. പിള്ള പണം വാങ്ങിയിരുന്നത്. ഓരോരുത്തരില്‍നിന്നും 15 മുതല്‍ 65 ലക്ഷം രൂപവരെ വാങ്ങിച്ചിരുന്നു. എംബിബിഎസിന് ആണെങ്കില്‍ 15 ലക്ഷവും പിജിക്ക് 65 ലക്ഷവും ആണ് നിരക്ക്. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളായ കോലഞ്ചേരി മെഡിക്കല്‍ മിഷന്, പുഷ്പഗിരി, അമല, ജൂബിലി മിഷന് എന്നീ മെഡിക്കല്‍ കോളേജുകളിലും അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് അഡ്മിഷന് ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്.
മെഡിക്കല്‍ സീറ്റ് വാഗ്ദാനംചെയ്ത് തട്ടിയെടുത്ത 2.78 കോടി രൂപ ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു. 1 കോടി പതിനൊന്നര ലക്ഷം രൂപ ഉപയോഗിച്ച് വീട് വാങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: