ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞ്പ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നില പരുങ്ങലിലാവുമെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ് അഭിപ്രായ സര്‍വെകള്‍ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അഭിപ്രായസര്‍വെകള്‍ നിരോധിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ നിലപാട്.
എന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ദല്‍ഹി, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാവുമെന്നും മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്നും അഭിപ്രായസര്‍വെകള്‍ വന്നതോടെ പാര്‍ട്ടി നിലപാട് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് അഭിപ്രായസര്‍വെകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ലീഗല്‍ സെല്‍ സെക്രട്ടറി കെ.സി. മിത്തല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്തെ അഭിപ്രായ സര്‍വെകള്‍ ശാസ്ത്രീയമോ സുതാര്യമോ അല്ലെന്നും അത് പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിക്കണമെന്ന കാഴ്ചപ്പാടിനെ പൂര്‍ണമായി അംഗീകരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അഭിപ്രായസര്വെകള്ക്ക് വിശ്വാസ്യതയില്ലെന്നും സ്ഥാപിതതാല്പര്യക്കാര്ക്ക് അതിനെ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാനാവുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കുന്ന അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ് പ്രക്രിയക്കും കാഴ്ചപ്പാടിനും എതിരാണ് അഭിപ്രായസര്വെകളെന്നും മിത്തല്‍ അവകാശപ്പെടുന്നു.
രണ്ടാഴ്ച മുമ്പ് അഭിപ്രായ സര്‍വെകളുടെ വിശ്വാസ്യത ചിലര്‍ ചോദ്യംചെയ്തപ്പോള്‍ അവ നിരോധിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്. നിഷ്പക്ഷമായ ഏജന്‍സികള്‍ നടത്തുന്ന അഭിപ്രായസര്‍വെകളുടെ ഫലം വ്യത്യസ്തമാവാറുള്ളത് അവയുടെ വിശ്വാസ്യതക്ക് തെളിവാണെന്നും എഐസിസി വക്താവ് സന്ദീപ് ദീക്ഷിത് അഭിപ്രായപ്പെടുകയുണ്ടായി. അഭിപ്രായ സര്‍വെകള്‍ ഭരണഘടനാപരമായി അനുവദനീയമാണെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കേന്ദ്രസര്‍ക്കാരിന് നിയമോപദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്രകടനം നടത്തിയത്.
സിഎന്‍എന്‍-ഐബിഎന്‍, ദ വീക്ക്, സിഎസ്ഡിഎസ് എന്നിവ നടത്തിയ അഭിപ്രായസര്‍വെകള്‍ അനുസരിച്ച് മധ്യപ്രദേശില്‍ 148-160 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസിന് 52-62 സീറ്റ് മാത്രമേ കിട്ടാനിടയുള്ളൂ എന്നും വ്യക്തമായിരുന്നു. ഛത്തീസ്ഗഢില്‍ ബിജെപിക്ക് 61-71 സീറ്റ് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കുക 16-24 സീറ്റായിരിക്കുമെന്നും ഈ സര്‍വെകള്‍ വിലയിരുത്തിയിരുന്നു. രാജസ്ഥാനില്‍ 115-125 സീറ്റ് നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ കോണ്‍ഗ്രസിന് 60-68 സീറ്റേ ലഭിക്കുകയുള്ളൂവെന്നും അഭിപ്രായ സര്‍വെകളില്‍നിന്ന് വ്യക്തമായിരുന്നു. ഇതാണ് നിലപാട് മാറ്റാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: