പാലക്കാട്: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ചവരുത്തുന്നതായി ശബരിമല അയ്യപ്പസേവ സമാജം ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പറഞ്ഞു. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നാലാമത് അയ്യപ്പമഹാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ നടത്തുന്ന പരിപാടികള്‍ക്ക് ക്രമസമാധാന പാലനത്തിന് പോലീസിന്റെ സേവനം സൗജന്യമായി നല്കുന്നു. എന്നാല്‍ ശബരിമലയില്‍ ജോലിക്കെത്തുന്ന പോലീസുകാര്‍ക്ക് വേണ്ടി പണം കണക്ക് പറഞ്ഞ് വാങ്ങിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റുമതവിഭാഗങ്ങളോട് കാണിക്കുന്ന ശ്രദ്ധ അയ്യപ്പഭക്തമാര്‍ക്ക് ലഭിക്കുന്നില്ല. ശബരിമലയില്‍ നിന്ന് കെഎസ്ഇബി ഈടാക്കുന്ന തുക സാധാരണ തുകയില്‍ നിന്നും അഞ്ചിരട്ടി കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സീസണില്‍ 60 കേന്ദ്രങ്ങളില്‍ അന്നദാനം ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ സേവാകേന്ദ്രങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സുകുമാരന്‍ നമ്പ്യാര്‍ ഗുരുസ്വാമി നഗറില്‍ (ടൗണ്‍ഹാളില്‍) നടന്ന അയ്യപ്പമഹാസംഗമം ദേശീയാധ്യക്ഷന്‍ പത്മശ്രീ പി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘാധ്യക്ഷനും മങ്കര അയ്യപ്പ ആശ്രമം മഠാധിപതിയുമായ ശ്രീമദ്സ്വാമി പ്രഭാകരാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു.
അയ്യപ്പസേവാ സമാജം സേവന പ്രവര്‍ത്തനങ്ങളിലൂടെ യഥാര്‍ത്ഥ ആദ്യാത്മിക നവോത്ഥാനമാണ് നടത്തുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ശബരിമല അയ്യപ്പ സേവാ സമാജം അന്തര്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവലം ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റാനല്ല മറിച്ച് ആദ്ധ്യാത്മികതയുടെ പരമോന്നത പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സോവാകേന്ദ്രങ്ങള്വഴി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.സംഘടാ സംവിധാനത്തിലൂടെ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അയ്യപ്പന്മാര് നേരിടുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും ശരിയായ രീതിയില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ദേശീയാദ്ധ്യക്ഷന് പത്മശ്രീ പി.ആര്.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു.
ബ്രഹ്മശ്രീ അയ്യപ്പരത്നം പങ്കജാക്ഷ ഗുരുസ്വാമി, മാളികപ്പുറം മേല്‍ശാന്തി പി.എം.മനോജ് എമ്പ്രാന്തിരി, ദേശീയ ട്രഷറര്‍ വി.പി.മന്മദന് നായര്‍, സംഘടനാ സെക്രട്ടറിമാരായ വി.കെ.വിശ്വനാഥന്, കെ.കെ.മൂര്‍ത്തി,പിന്നണിഗായകന്‍ സന്നിധാനന്ദന്, തങ്കവേലു, വി.നടേശന്, രവിമനോഹര്‍, യു.ശബരി, ഈറോഡ് രാജന് തുടങ്ങിയവര്‍ സംസാരിച്ചു. അച്ച്യുതന്കുട്ടി സ്വാഗതവും കാശിവിശ്വനാഥന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: