ധാര്‍മ്മിക ഭരണം നിര്‍വഹിക്കുന്നതിനായി അതിവിദഗ്ധനായ അസുരശില്പി മയന് പാണ്ഡവര്‍ക്ക് നിര്‍മ്മിച്ചു നല്കിയ മായാനഗരിയാണ് ഇന്ദ്രപ്രസ്ഥം. പുതിയ റായ്പൂര്‍ നഗരത്തിന്റെ നിര്‍മ്മാണ പുരോഗതി കാണുമ്പോള്‍ ഉയര്‍ന്നുവരുന്നത് പഴയ ഇന്ദ്രപ്രസ്ഥമാണോ എന്ന സംശയം തോന്നുക സ്വാഭാവികമാണ്.
ലോകത്തിലെ വിവിധ പ്രശസ്ത നഗരങ്ങളുടെ നിര്‍മ്മാണപദ്ധതികളുടെ സ്വാംശീകരണമാണ് ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ പുതിയ റായ്പൂരില്‍ ഡോ.രമണ്‍സിങ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ആദ്യ ആസൂത്രിത നഗരമായാണ് റായ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ‘നയാ റായ്പൂര്‍’ ഉയരുന്നത്.
2000ല്‍ സ്വതന്ത്ര ഇന്ത്യയിലെ 26-ാമത് സംസ്ഥാനമായി മധ്യപ്രദേശിന്റെ കിഴക്കന്‍ പ്രദേശങ്ങളെ ഒന്നാക്കി ഛത്തീസ്ഗഢ് രൂപീകരിക്കുന്നത്. പകുതിയിലധികം വനമേഖലയായ ഛത്തീസ്ഗഢിലെ വലിയ നഗരം റായ്പൂര്‍ തന്നെ. പുതിയ തലസ്ഥാനമായി റായ്പൂരിനെ തെരഞ്ഞെടുത്തപ്പോള്‍ സൗകര്യങ്ങളുടെ അപര്യാപ്തത പ്രധാന പ്രശ്നമായി മുന്നില്‍ വന്നു. 2001ല്‍ പുതിയ തലസ്ഥാന നഗരി നിര്‍മ്മിക്കുന്നതിനേപ്പറ്റി ചര്‍ച്ച നടന്നെങ്കിലും 2002ല്‍ ക്യാപിറ്റല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിച്ചതോടെയാണ് അല്‍പ്പമെങ്കിലും അനക്കം വെച്ചത്. പിന്നീട് 2003ല്‍ അധികാരത്തിലെത്തിയ ഡോ.രമണ്‍സിങ് സര്‍ക്കാര്‍ പദ്ധതി സജീവമായി മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. 2006ല്‍ നഗരത്തിന് ‘നയാ റായ്പൂര്‍’ എന്ന പേര് ഇടുകയും നയാ റായ്പൂര്‍ ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറിയും മലയാളിയുമായ പി. ജോയ് ഉമ്മന്‍ ഐഎഎസിനെ ചെയര്‍മാനാക്കി എന്ആര്ഡിഎ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയതോടെ മാസങ്ങള്‍ക്കകം നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു.
റായ്പൂരിന് തെക്കു കിഴക്കായി ഇരുപതിനായിരം ഏക്കര്‍ പ്രദേശത്താണ് പുതിയ നഗരം നിര്‍മ്മിച്ചത്. ദേശീയപാത 43നും ദേശീയപാത 6നും ഇടയിലായി കണ്ടെത്തിയ സ്ഥലത്തിനകത്ത് 70 കിലോമീറ്ററോളം നാലുവരിപ്പാതകള്‍ ഇതിനകം പൂര്‍ത്തിയായി. നഗരത്തെ 40 സെക്ടറുകളായി തിരിച്ച് 30 ശതമാനം പ്രദേശം ജനവാസ കേന്ദ്രങ്ങളാക്കിയും 23 ശതമാനം സ്ഥലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു ഓഡിറ്റോറിയങ്ങളും നിര്‍മ്മിച്ചു.
വലിയ കുളങ്ങളും മറ്റു ജലസേചന മാര്‍ഗ്ഗങ്ങളും നിര്‍മ്മിക്കുകയും പുതിയ നഗരത്തെ ഹരിതകവചത്തിനുള്ളിലാക്കി ആയിരക്കണക്കിനു മരങ്ങളും വെച്ചുപിടിപ്പിച്ചു. നിരവധി ആശുപത്രികളും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും സുവോളജിക്കല്‍ പാര്‍ക്കും ജംഗിള്‍ പാര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്. ദേശീയ നിയമ സര്‍വ്വകലാശാല അടക്കം നിരവധി യൂണിവേഴ്സിറ്റികളും സ്ഥാപിച്ചു. പുതിയ റെയില്‍വേ സ്റ്റേഷനും സ്വാമി വിവേകാനന്ദന് അന്താരാഷ്ട്ര എയര്‍പോര്‍ട്ടും പുതുതായി പണികഴിപ്പിച്ചു. കൂടാതെ നഗരത്തിനുള്ളിലായി പ്രധാന ഗതാഗത മാര്‍ഗ്ഗമായി ലോഫ്ലോര്‍ ബസ്സുകളും വാങ്ങി. ഏകദേശം അഞ്ചര ലക്ഷത്തോളം ജനങ്ങള്‍ 2010നു മുമ്പായി പുതിയ നഗരത്തിലേക്ക് താമസത്തിനെത്തുമെന്ന് പ്രതീക്ഷയിലാണ് എന്ആര്ഡിഎ. രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാകുന്ന തരത്തില്‍ നിരവധി വാണിജ്യ വ്യവസായ സ്ഥാപനങ്ങളാണ് നയാ റായ്പൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏകദേശം രണ്ടായിരം കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്.
സുതാര്യമായ ടെണ്ടര്‍ നടപടിക്രമങ്ങളിലൂടെ സമയബന്ധിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതാണ് നയാ റായ്പൂരിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനു സാധ്യമാക്കിയതെന്ന് എന്‍ആര്‍ഡി ചെയര്‍മാനും മലയാളിയുമായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈജേന്ദ്രകുമാര്‍ ഐഎഎസ് പറയുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ച ഉറച്ച പിന്തുണയാണ് എടുത്തു പറയേണ്ടത്. രാജ്യത്തെ മേറ്റ്ല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന വികസന പദ്ധതിയാണ് നയാ റായ്പൂരില്‍ നടക്കുന്നതെന്നും വൈജേന്ദ്രകുമാര്‍ പറഞ്ഞു.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വത്യസ്തമാകുന്നത് പുതിയ നഗരത്തിനായി ഒഴിപ്പിക്കപ്പെട്ട 44 ഗ്രാമങ്ങളുടെ കഥയാണ്. വികസന പദ്ധതികളുടെ പേരില്‍ ജനിച്ച നാട്ടില്‍ നിന്നും ആട്ടിയിറക്കപ്പെടേണ്ടി വന്ന ആയിരക്കണക്കിനു ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുള്ളപ്പോള്‍ അനുകരണീയവും അഭിനന്ദനീയവുമായ പുനരധിവാസ പദ്ധതിയൊരുക്കി വികസനത്തിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കളായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ മാറിയ കഥയാണ് റായ്പൂരിലുള്ളത്. പുതിയ നഗരത്തിന്റെ പ്രഖ്യാപനം നടക്കുന്നതോടൊപ്പം പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ മരവിപ്പിച്ചതോടെ പാവപ്പെട്ട ഗ്രാമവാസികളെ പറ്റിച്ച് ഭൂമാഫിയ കോടികളുണ്ടാക്കുന്നതു തടയാന്‍ കഴിഞ്ഞതു മുതല്‍ തുടങ്ങുന്നു അത്. ഗ്രാമവാസികള്‍ക്ക് വലിയ വില നല്കി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതോടെ എങ്ങുനിന്നും എതിര്പ്പുകളുയര്ന്നതേയില്ല. ഒരേക്കറിലധികം സ്ഥലം കൈമാറിയവര്ക്ക് വര്‍ഷംതോറും 25000 രൂപ വീതം സര്‍ക്കാര്‍ നല്കുന്നു. പുനരധിവസിക്കപ്പെട്ടവര്‍ക്ക് ആദ്യംതന്നെ നല്ല കോണ്‍ക്രീറ്റു വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും വീടുകളിലുള്ളവര്‍ക്ക് ജോലിയും നല്കി. ഇതോടെ ജനങ്ങളെല്ലാം രമണ്‍സിങ് സര്‍ക്കാരിനു വലിയ പിന്തുണയുമായി രംഗത്തെത്തി. നഗരനിര്‍മ്മാണം ത്വരിതഗതിയിലാക്കിയതും ഈ ജനപിന്തുണ തന്നെ.
ഗാന്ധിനഗറിനും ഛണ്ഡീഗഢിനും ഭുവനേശ്വറിനും പിന്നാലെ ഇന്ത്യയിലെ നാലാമത്തെ ആസൂത്രിത നഗരമായി റായ്പൂര്‍ ഉയരുമ്പോള്‍ ഡോ.രമണ്സിങ്ങെന്ന നല്ല ഭരണാധികാരിയുടേയും ബിജെപി സര്‍ക്കാരുകള്‍ കാഴ്ചവയ്ക്കുന്ന ജനപക്ഷ ഭരണത്തിന്റേയും നേര്‍കാഴ്ചയാണ് കാണാനാവുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: