കൊച്ചി: മലയാളഭാഷക്കും സാഹിത്യത്തിനും വിശിഷ്ട സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്കുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപകന് പ്രൊഫ. എം.കെ. സാനു അര്‍ഹനായി. ഒന്നരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുമെന്ന് സാംസ്കാരികവകുപ്പുമന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് ചെയര്‍മാനും പ്രൊഫ. തോമസ് മാത്യു, സി.പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരുള്‍പ്പെട്ട പുരസ്കാര നിര്‍ണയ കമ്മറ്റിയാണ് സാനുമാസ്റ്ററെ തെരഞ്ഞെടുത്തത്.
മലയാള ഭാഷയില്‍ വിമര്‍ശനകലയുടെ ഏകാന്തവും മൗലികവുമായ സൗന്ദര്യത്തിന്റെ സൃഷ്ടാവ്, പരിപക്വവും പ്രസാദപൂര്‍ണവുമായ ഒരു സാഹിത്യസംസ്കാരത്തിന്റെ ആചാര്യന് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ചുകൊണ്ടിരിക്കുന്ന സാനുമാസ്റ്റര്‍ക്ക് സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം, എസ്പിസിഎസ് അവാര്‍ഡ്, ശ്രീനാരായണജയന്തി അവാര്‍ഡ്, പി.കെ. പരമേശ്വരന്‍നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ശ്രീനാരായണ-സാംസ്കാരിക-സഹോദരന് അവാര്‍ഡ്, ശ്രീനാരായണ എജ്യുക്കേഷന്‍ ട്രസ്റ്റ് അവാര്‍ഡ്, പി.കെ. രാജന് മെമ്മോറിയല്‍ അവാര്‍ഡ്, എം.കെ. രാഘവന് മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നാരായണഗുരുസ്വാമി, സഹോദരന് കെ. അയ്യപ്പന്, അസ്തമിക്കാത്ത വെളിച്ചം, ചങ്ങമ്പുഴ കൃഷ്ണപിള്ള – നക്ഷത്രങ്ങളുടെ സ്നേഹഭാജനം തുടങ്ങിയ ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. അധ്യാപകന്, പ്രഭാഷകന്‍, ഗ്രന്ഥകാരന്, സാമൂഹ്യപ്രവര്‍ത്തകന്‍, രാഷ്ട്രീയചിന്തകള്‍ എന്നീ രംഗങ്ങളില്‍ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച സാനുമാസ്റ്റര്‍ ആലപ്പുഴ തുമ്പോളി എന്ന ഗ്രാമത്തില്‍ 1923 ഒക്ടോബര്‍ 27 നാണ് ജനിച്ചത്. ആലപ്പുഴ സനാതനധര്‍മ്മം കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
എറണാകുളം മഹാരാജാസ് കോളേജ് മലയാളം വകുപ്പിലായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും. കുങ്കുമം വാരികയുടെ പത്രാധിപരായിരുന്ന അദ്ദേഹം കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ പ്രസിഡന്റാണ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്, ഹൈബി ഈഡന് എംഎല്‍എ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: