കൊച്ചി: മണ്ഡലം-മകരവിളക്ക് ഉത്സവ സീസണോടനുബന്ധിച്ച് ശബരിമലയില്‍ നടന്ന കുത്തകലേലത്തില്‍ വ്യാപക ക്രമക്കേടെന്ന് സൂചന. നാളികേരം, പാര്‍ക്കിംഗ് ഫീസ് എന്നിവയ്ക്ക് കുത്തക നല്‍കിയതിന് പിന്നില്‍ കോടികളുടെ വെട്ടിപ്പിന് അവസരമൊരുക്കിയതായും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് പ്രധാന ആക്ഷേപം.
ഭക്തര്‍ ശബരിമലയിലും പമ്പയിലും ഉടയ്ക്കുന്ന നാളികേരം ശേഖരിക്കുന്നതിന് 3.3 കോടിക്കാണ് കുത്തക നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ മാര്‍ക്കറ്റ്ഫെഡ് 3.15 കോടി രൂപ വാഗ്ദാനം ചെയ്ത സ്ഥാനത്താണ് അതിലും കുറഞ്ഞ തുകയ്ക്ക് ഒരു കോണ്‍ഗ്രസ് നേതാവിന് കുത്തക അനുവദിച്ചുനല്കിയതെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
നാളികേര കുത്തക തങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ 3.25 കോടി വരെ തങ്ങള്‍ നല്കാന് തയ്യാറാണെന്ന് മാര്‍ക്കറ്റ് ഫെഡ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രേഖാമൂലം അറിയിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഇത് അവഗണിച്ച് കുറഞ്ഞ തുകയ്ക്ക് കുത്തക നല്കിയ നടപടി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പമ്പ, നിലയ്ക്കല്‍, ഹില്‍ടോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനപാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിന് കരാര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ വെട്ടിപ്പിന് അവസരം ഒരുങ്ങിയിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. മണ്ഡലം-മകരവിളക്ക് സീസണില്‍ അപ്പം, അരവണ വില്പനയിലൂടെ ലഭിക്കുന്ന വരുമാനം കഴിഞ്ഞാല്‍ ഏറ്റവും വരവുള്ളതാണ് ചാലക്കയത്തെ ടോള്‍പിരിവ്. മുന്‍കാലങ്ങളില്‍ വാഹനങ്ങളില്‍ വിവിധ നിരക്കില്‍ ദേവസ്വം ബോര്‍ഡ് നേരിട്ടും പണം ഈടാക്കിയിരുന്നു.
പ്രതിദിനം ശരാശരി 25 ലക്ഷം രൂപ പാര്‍ക്കിംഗ് ഫീസായി അന്ന് ലഭിച്ചിരുന്നു. ആ കണക്ക് പരിശോധിച്ചാല്‍ തന്നെ ഒരു ഉത്സവസീസണില്‍ ചുരുങ്ങിയത് 15 കോടി രൂപ ഈ ഇനത്തില്‍ പിരിഞ്ഞുകിട്ടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. എന്നാല്‍ ഇത്തവണ പാര്‍ക്കിംഗ് ഫീസ് പിരിക്കുവാന്‍ കരാര്‍ നല്‍കിയിരിക്കുന്നതാകട്ടെ 1.64 കോടി രൂപയ്ക്കും.
മുന്‍വര്‍ഷത്തെക്കാള്‍ ടെണ്ടര്നടപടികളിലും മറ്റും ഇത്തവണ ക്രമക്കേട് വര്ധിച്ചതായാണ്സൂചന. ശര്‍ക്കര, അരി, വഴിപാടുസാധനങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ നിന്നും സര്ക്കാര്ഏജന്സികളെയും സ്ഥാപനങ്ങളെയും ഒഴിവാക്കിയതിലും ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: