ദേശീയ രാഷ്ട്രീയത്തില്‍ ഇത് സര്‍വ്വേകളുടെ കാലമാണ്. മാധ്യമങ്ങളും സ്വകാര്യ ഏജന്‍സികളും ദിവസേന പുതിയ സര്‍വ്വേകളുമായി രംഗത്തെത്തുന്നു. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്നതെരഞ്ഞടുപ്പുകളില് നാലിടത്തും ബിജെപി അധികാരത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് പൂര്‍വ്വ സര്‍വ്വേകളെല്ലാം വ്യക്തമാക്കുന്നത്.
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മൂന്നാം വട്ടവും പാര്‍ട്ടി തിളക്കമുള്ള വിജയം ആവര്‍ത്തിക്കുമെന്ന് ഏതാണ്ടെല്ലാ സര്‍വ്വേകളും വ്യക്തമാക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് മാത്രമല്ല നിലവിലുള്ള ഭരണം തുടരണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍വ്വേകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് ഈ സര്‍ക്കാരുകളുടെ വികസന നയങ്ങള്‍ തൃപ്തികരമാണ് എന്നായിരുന്നു. കേവലം രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം വോട്ടര്‍മാര്‍ സര്‍ക്കാരുകളുടെ പ്രകടനം കൃത്യമായി വിലയിരുത്തുന്നുവെന്നാണ് ഈ സര്‍വ്വേകള്‍ തെളിയിക്കുന്നത്. പാര്‍ട്ടികള്‍ക്കല്ല നയങ്ങള്‍ക്കും സ്ഥാനാര്ത്ഥിയാകുന്നയാളുടെ യോഗ്യതക്കുമാണ് തങ്ങള്‍ പരിഗണന നല്‍കുന്നതെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരും അഭിപ്രായപ്പെട്ടത്. മുദ്രാവാക്യങ്ങള്‍ കൊണ്ട് മാത്രം വോട്ട് കിട്ടുന്ന കാലം കഴിഞ്ഞുവെന്ന് രാഷ്ട്രീയ നേതൃത്വങ്ങളും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ ഭരണ നേട്ടങ്ങളാണ് ശിവരാജ് സിംഗ് ചൗഹാനെയും രമണ്‍ സിംഗിനെയും തുണക്കുന്നതെങ്കില്‍ രാജസ്ഥാനിലും ദല്‍ഹിയിലും ഭരണ പരാജയം കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ക്ക് വിനയാകുകയാണ്.
പതിനഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം ദല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഷീലാ ദീക്ഷിത് സര്‍ക്കാരിന്റെ ഭരണം തലസ്ഥാനത്തെ ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞിരിക്കുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് ഒരു ആധുനിക സര്‍ക്കാരിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ക്രമസമാധാന പാലനം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ പീഡനങ്ങളുടെ കാര്യത്തില്‍ ദല്‍ഹി സര്‍വ്വ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു.
ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പു പറയുന്ന മുഖ്യമന്ത്രി സ്വയം അപഹാസ്യയാകുന്നതല്ലാതെ പോലീസ് ബാബുമാരെ നിയന്ത്രിക്കാനോ നയിക്കാനോ അവര്‍ക്കാകുന്നില്ല. മെട്രോ റയില്‍ പദ്ധതിയടക്കം ദല്‍ഹിക്ക് പുതിയ മുഖം സമ്മാനിച്ച ഒട്ടേറെ പദ്ധതികള്‍ ഷീലാദീക്ഷിതിന്റെ ആദ്യ ടേമില്‍ അവര്‍ നടപ്പാക്കിയിരുന്നു. റണ്ടാമതും മൂന്നാമതും വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് ഇതിന്റെ ബലത്തിലാണ്. മദന്‍ലാല്‍ ഖുറാന, വി. കെ മല്‍ഹോത്ര, സാഹിബ് സിംഗ് വര്‍മ്മ എന്നിവരുടെ കാലഘട്ടത്തിനു ശേഷം ബിജെപിയില്‍ പുതുതലമുറ നേതൃത്വം വളര്‍ന്നു വരുന്നതില്‍ സംഭവിച്ച വിടവും ദല്‍ഹിയില്‍ കോണ്‍ഗ്രസിന് തുണയായി. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷവും വികസന മുരടിപ്പിലാണ് ദല്‍ഹി.
അഴിമതിയും വിലക്കയറ്റവും കോണ്‍ഗ്രസിന്റെ പ്രതിഛായ തകര്‍ത്തിരിക്കുന്നു. ഡോ .ഹര്ഷവര്ദ്ധനനെപ്പോലെ തിളങ്ങുന്ന പ്രതിഛായയുള്ള ഒരാള്‍ ബിജെപിയുടെ പടനയിക്കാന്‍ എത്തുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ നില ഏറെ പരുങ്ങലിലാണ്. അഴിമതിയും ക്രമസമാധാന തകര്‍ച്ചയും വികസന മുരടിപ്പുമാണ് ദല്‍ഹി തെരഞ്ഞടുപ്പിലെ പ്രധാന അജണ്ടകള്‍. മൂന്നിലും കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാണ്. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ദല്‍ഹി തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കുമെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആ പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എഴുതിത്തള്ളാന്‍ കഴിയാത്ത സാന്നിദ്ധ്യമായി അവര്‍ മാറുന്നുവെന്നാണ് സര്‍വ്വേകള്‍ നല്കുന്ന സൂചന. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദയനീയ പരാജയമായിരിക്കുമെന്ന് സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കുന്നു.
ബിജെപി മൂന്നില്‍ രണ്ട് സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഈ നാലു സംസ്ഥാനങ്ങളിലുമായി 71 ലോക്സഭ സീറ്റുകളാണുള്ളത്. ഇതില്‍ നാല്പതിലേറെ സീറ്റുകളില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേകള്‍ നല്കുന്ന സൂചന. കോണ്‍ഗ്രസിന് 27 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും പറയുന്നു. ലോക്സഭ തെരഞ്ഞടുപ്പ് നടക്കുന്ന ഏപ്രില്‍ ആകുമ്പോഴേക്കും ഇതില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.
ചരിത്രത്തിലാദ്യമായി ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം രണ്ടക്കസംഖ്യയില്‍ ഒതുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. ഒട്ടും അതിശയോക്തിപരമല്ല ഈ കണക്ക്. പരമ്പരാഗത കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ പോലും നടത്തിയ സര്‍വ്വേകളില്‍ ആ പാര്‍ട്ടിക്ക് നല്‍കുന്നത് 106 മുതല്‍ 116 സീറ്റുകള്‍ വരെ ലഭിക്കാനുള്ള സാധ്യതമാത്രമാണ്. കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസിന് ഇതിലുമേറെ സീറ്റുകള്‍ ലഭിക്കുമെന്ന് പലരും പ്രവചിച്ചിരുന്നു. നാലു മാസത്തിനിടെ കോണ്‍ഗ്രസിന്റെ ജനപിന്തുണയില്‍ കാര്യമായ ഇടിവ് സംഭവിച്ചിരിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞടുപ്പിന് ഇനിയും ആറുമാസങ്ങള്‍ കൂടി അവശേഷിക്കുന്നു. നാലു സംസ്ഥാനങ്ങളില്‍ സംഭവിക്കാനിടയുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസത്തില്‍ ഇനിയും വിള്ളല്‍ വീഴ്ത്താനിടയുണ്ട്. ആ പാര്‍ട്ടി നേരിടുന്ന കടുത്ത നേതൃദാരിദ്ര്യം കൂടിയാകുമ്പോള്‍ സ്ഥിതി വീണ്ടും പരുങ്ങലിലാകും . ഉദാരമായ സര്‍വ്വേകളില്‍ പ്രവചിച്ച 116 സീറ്റുകള്‍ തന്നെ എത്തിപ്പിടിക്കണമെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ട പാര്‍ട്ടി ഈ സാഹചര്യത്തില്‍ രണ്ടക്കത്തിലേക്കൊതുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: