കണ്ണൂര്‍: എല്‍ഡിഎഫ് സംഘം കണ്ണൂരില്‍ മുഖ്യമന്ത്രിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി കെ.സി.ജോസഫില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരായ തളിപ്പറമ്പ് ഡിവൈഎസ്പി സുദര്‍ശനും ഇരിട്ടി ഡിവൈഎസ്പി എം.പ്രദീപ് കുമാറുമാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.
അതേ ദിവസം മുഖ്യമന്ത്രിയുടെ കാറിലുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖിന്റെ മൊഴി അന്വേഷണസംഘം നേരത്തെ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെയും ഗണ്‍മാന്റെയും മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘത്തില്‍പ്പെട്ട ഒരു വിഭാഗം തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ കേസിന് നിര്‍ണായക വഴിത്തിരിവുണ്ടാകും. കഴിഞ്ഞ മാസം 27 ന് വൈകുന്നേരമാണ് കണ്ണൂര്‍ കാള്ടെക്സിനടുത്തു വെച്ച് മുഖ്യമന്ത്രി അക്രമിക്കപ്പെട്ടത്. അക്രമത്തില്‍ മുഖ്യമന്ത്രിയോടൊപ്പം കാറിലുണ്ടായിരുന്ന സിദ്ധിഖ്, കെ.സി.ജോസഫ് എന്നിവര്‍ക്കും നിസ്സാര പരിക്കേറ്റിരുന്നു.
അതിനിടയില്‍ ഉത്തരമേഖലാ ഐജി സുരേഷ് രാജ് പുരോഹിത് ദീര്‍ഘകാല അവധിയില്‍ പോയി. ദീപാവലി പ്രമാണിച്ച് നാട്ടില്‍ പോതാണെന്ന് പറയുന്നുണ്ടെങ്കിലും ഇദ്ദേഹം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതായാണ് സൂചന. കണ്ണൂര്‍ എസ്പി രാഹുല്‍ ആര് നായരെ മാറ്റാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തെ എവിടെ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൊല്ലത്തേക്ക് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത പോലീസ് ഉദ്യോഗസ്ഥനെ തങ്ങള്‍ക്ക് വേണ്ടെന്ന നിലപാട് കൊല്ലത്തെ കോണ്ഗ്രസ്സുകാര് പ്രകടിപ്പിച്ചതാണ് സ്ഥലം മാറ്റത്തിന് തടസ്സമായത്.
അതേ സമയം ഇദ്ദേഹം കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷന് അപേക്ഷിച്ചതായും പറയപ്പെടുന്നുണ്ട്. കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരനും സ്ഥാനചലനമുണ്ടാകാന് സാധ്യത ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: