കല്‍പ്പറ്റ : പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ നാലിന് വയനാട് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് വിവിധ പരിസ്ഥിതി, ആദിവാസി, കര്‍ഷക, സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു. നവംബര്‍ 17ന് രണ്ടിന് കണിയാമ്പറ്റയ്ക്കടുത്ത് ചീക്കല്ലൂരില്‍ കണ്വന്ഷന് ചേരുമെന്നും അവര്‍ അറിയിച്ചു. കലക്ടറേറ്റ് മാര്‍ച്ച് വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന് ഉദ്ഘാടനം ചെയ്യും.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുന്നത് പശ്ചിമഘട്ടത്തിലെ ചെറുകിട കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും തിരിച്ചടിയാകും. പരിസ്ഥിതിക്കൊപ്പം ചെറുകിട കര്‍ഷകരെയും ആദിവാസികളെയും സാമ്പത്തികസഹായം നല്കി സംരക്ഷിക്കണമെന്ന ശുപാര്‍ശയും ഉള്‍പ്പെടുന്നതാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്.
വയനാട്ടിലെ കൃഷിനാശത്തിനും കര്‍ഷക ആത്മഹത്യകള്ക്കുമുള്ള കാരണങ്ങളില്‍ ഒന്ന് പരിസ്ഥിതിനാശം മൂലം ഉണ്ടായ കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവുമാണ്. നിലവിലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളെങ്കിലും കര്‍ശനമായി നടപ്പിലാക്കിയിരുന്നുവെങ്കില്‍ കൃഷിനാശവും കര്‍ഷക ആത്മഹത്യയും ഒരളവോളം ഒഴിവാക്കാമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ കൃഷിയെ നിലനില്‍പ്പിനുള്ള ഉപാധിയായി കണ്ടുവരുന്ന ചെറുകിട കര്‍ഷകരുടെയും ആദിവാസികളുടെയും പങ്ക് വളരെ വലുതാണ്.
കുടിയേറ്റ കര്ഷകജനതയുടെപേരില് വളരുന്ന പാരിസ്ഥിതികാവബോധത്തെ തകിടംമറിക്കാന്‍ ശ്രമിക്കുന്നവരാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും മറ്റു പരിസ്ഥിതി സംരക്ഷണ നിയമങ്ങളും നടപ്പിലായാല്‍ വയനാട്ടുകാര്‍ കുടിയിറങ്ങേണ്ടിവരുമെന്ന കുപ്രചാരണം നടത്തുന്നത്. പ്രകൃതി നാശം പ്രപഞ്ചാനാശമാണെന്ന സത്യം വനവാസികള്‍ എന്നെ തിരിച്ചറിഞ്ഞവരാണ്.
കര്‍ണാടകയില്‍നിന്നും വയനാട്ടിലേക്ക് വനത്തിലൂടെയുള്ള എല്ലാ പാതകളും അടയ്ക്കണമെന്ന തരത്തിലുള്ള നീക്കങ്ങളോട് യോജിപ്പില്ലെന്ന കാര്യം ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയതാണ്. മാനന്തവാടി-കുട്ട-ഗോണിക്കുപ്പ റോഡില്‍ കേരള പരിധിയിലെ വനപാതയില്‍ രാത്രികാല ഗതാഗതം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വ്യക്തി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനല്ല മറിച്ച് ചില തല്‍പ്പര വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവനാണെന്ന കാര്യം വ്യക്തമായതാണ്. ഈ പാതയില്‍ രാത്രിയാത്ര വിലക്കാനുള്ള നീക്കത്തെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ-വ്യാപാര സംഘടനകളും മറ്റും നടത്തുന്ന പ്രചാരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.. ചെയര്മാന് ഡോ.പി.ജി.ഹരി, കണ്‍വീനര്‍ തോമസ് അമ്പലവയല്‍, സി.കെ.കൃഷ്ണന് (പ്രാക്തനഗോത്രസംഘം), ബാലന് പൂതാടി (നാഷണല്‍ ആദിവാസി ഫെഡറേഷന്), എന്‍.കെ.രാജു (വനവാസി വികാസകേന്ദ്രം), പി.കെ.ബാബുരാജ് (ചീക്കല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണ സമിതി), വര്‍ഗീസ് വട്ടേക്കാട്ടില്‍ (ലോഹ്യ വിചാര്‍ വേദി), പി.ഷാന്റോലാല്‍ (പോരാട്ടം), സാം.പി.മാത്യു(സിപി.ഐ-എം.എല്‍), എന്‍.ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), അബു പൂക്കോട് (ഗ്രീന്‍ ക്രോസ്), ടി.നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയസമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: